കൊച്ചി: നെടുമ്പാശേരി സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം. സ്വർണക്കടത്ത് കേസ് പ്രതി നൗഷാദിനു വേണ്ടിയാണ് കോഴ വാഗ്ദാനം ചെയ്തത്. കൊഫെപോസ (കള്ളക്കടത്തു തടയൽ നിയമം‌) ഒഴിവാക്കിയാൽ 25 ലക്ഷം നൽകാമെന്ന് ഫോൺ വഴി അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് ഒഴിയുകയാണെന്ന് ജഡ്ജി തുറന്ന കോടതിയിൽ അറിയിച്ചു. തനിക്ക് കോഴ വാഗ്ദാനം ചെയ്തതിനാൽ താൻ കേസ് പരിഗണിക്കുന്നത് ശരിയല്ലെന്ന് ജഡ്ജി കോടതിയെ അറിയിച്ചു.

മുവാറ്റുപുഴ സ്വദേശി നൗഷാദ്, ജാബിൻ കെ. ബഷീർ തുടങ്ങിയവർ കൊഫേപോസ തടങ്കൽ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു സംഭവം. കൊഫെപോസ ചുമത്തപ്പെട്ടവരുടെ കരുതൽ തടങ്കൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. നൗഷാദ് അടക്കമുള്ളവരെ ഒഴിവാക്കിയാൽ 25 ലക്ഷം രൂപ നൽകാമെന്ന് ഫോൺ വഴി അറിയിച്ചതായി ജസ്റ്റിസ് കെ.ടി.ശങ്കരൻ കോടതിയിൽ വെളിപ്പെടുത്തി. തുടർന്ന് തുറന്ന കോടതിയിൽ അദ്ദേഹം ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു. തടങ്കൽ ഒഴിവാക്കിയാൽ തനിക്ക് 25 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. ഇതൊരു ശരിയായ കീഴ്‌വഴക്കമല്ല.

2013 മുതല്‍ 2015 മെയ്‌വരെ നെടുമ്പാശേരി വിമാനത്താവളം വഴി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്‌ഥനായിരുന്ന ജാബിന്‍ കെ. ബഷീറിന്റെയും ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിങ്‌ കമ്പനി ജീവനക്കാരുടെയും സഹായത്തോടെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കടത്തിയെന്നാണ്‌ കസ്‌റ്റംസ്‌ കേസ്‌. 600 കോടിയോളം രൂപ വിലവരുന്ന 2000 കിലോയിലേറെ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന നാലുപേരുള്‍പ്പെടെ ഒമ്പതു പ്രതികള്‍ക്കെതിരേയാണ്‌ കൊഫെപോസ ചുമത്തിയിട്ടുള്ളത്‌.

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന ലഹരിമരുന്ന്, സ്വർണക്കടത്ത്, നിരോധിത വസ്തുക്കടത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു കൊഫെപോസ നിയമം പ്രയോഗിക്കുന്നത്. നിയമം ചുമത്തപ്പെടുന്നവരെ ഒരു വർഷം വരെ വിചാരണ കൂടാതെ തടവിൽ വയ്ക്കാം. പ്രതികൾ ഒളിവിലാണെന്നതിനാൽ ഇവരുടെ സ്വത്ത് കണ്ടുകെട്ടാൻ കഴിയും. ഒളിവിൽ പാർക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്താനും കണ്ടുകിട്ടിയാൽ അറസ്റ്റ് ചെയ്തു ജയിലിൽ അയയ്ക്കാനും പൊലീസിനു അധികാരം ലഭിക്കുന്നതാണ് നിയമം.

Loading...