കൊച്ചി : സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളിൽ നിർണ്ണായക വെളിപ്പെടുത്തൽ. സ്വപ്നയ്ക്കു പുറമേ മറ്റു രണ്ടു പേരെക്കുറിച്ചും ഇരുവരും പരാമർശിച്ചിട്ടുണ്ടായിരുന്നു.

ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണു സ്വർണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികൾ മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തും. രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും.

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ്  ഹരിരാജിനെ ചോദ്യം ചെയ്തത് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിനു ശേഷം അദ്ദേഹം പ്രതികരണത്തിനു തയാറായില്ല.

മൊഴികളുടെ വിശദാംശങ്ങൾ അന്വേഷണസംഘവും പുറത്തു വിട്ടിട്ടില്ല. പാഴ്സൽ പ്രതികൾക്കു വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു കസ്റ്റംസിനെ ബന്ധപ്പെട്ടവരുടെ ചോദ്യം ചെയ്യൽ ഇന്നലെയാണു തുടങ്ങിയത്.

സ്വപ്ന സുരേഷുമായി ചില ഐപിഎസ് ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്ന പ്രചാരണം മുതിർന്ന ഉദ്യോഗസ്ഥരെ ഇരുട്ടിൽ നിർത്തുകയാണെന്നും ഇതിൽ വകുപ്പുതല അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഐജി: എസ്.ശ്രീജിത്ത് ഡിജിപി: ലോക്നാഥ് ബെഹ്റയ്ക്കു കത്തുനൽകി.

ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്തു തുടർനടപടി ആലോചിക്കുമെന്നു ബെഹ്റ അറിയിച്ചു. സ്വപ്ന കൂടി ഉൾപ്പെട്ട വ്യാജ പീഡനാരോപണം അന്വേഷിക്കുന്നതു ക്രൈം ബ്രാഞ്ചാണ്. കേസിന്റെ മേൽനോട്ടച്ചുമതല ശ്രീജിത്തിനാണ്.

Loading...