നിങ്ങൾ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ തയ്യാറെടുക്കുന്നതിന് മുമ്പ് വിപണിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. കാരണം കാലവും സാങ്കേതികവിദ്യയും വളർന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ 10 വ‍ർഷം മുമ്പ് വൻ വിജയകരമായിരുന്ന പല ബിസിനസുകളും ഇപ്പോൾ വിജയകരമാകണമെന്നില്ല. നിലവിലെ സാഹചര്യങ്ങളനുസരിച്ച് താഴെ പറയുന്ന ബിസിനസുകൾ ചിലപ്പോൾ നിങ്ങൾക്ക് നഷ്ട്ടമുണ്ടാക്കിയേക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.

കാറ്ററിംഗ് സർവ്വീസ്

കാറ്ററിംഗ് സർവ്വീസ് ഒരു കാലത്ത് മികച്ച ലാഭം നൽകിയിരുന്ന ബിസിനസ് ആയിരുന്നു. എന്നാൽ ഇപ്പോൾ ലാഭം വളരെ കുറവാണ്. കാരണം സാധനങ്ങളുടെ വില ദിവസം തോറും കൂടികൊണ്ടിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് നിശ്ചിത തുകയ്ക്ക് പറഞ്ഞുറപ്പിക്കുന്ന പല കാറ്ററിംഗുകളും പരിപാടി നടക്കുന്ന സമയത്തെ സാധനങ്ങളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ട്ടമുണ്ടാക്കുന്നുണ്ടെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

വെബ് ഡിസൈനിം​ഗ്

ഇത് കമ്പ്യൂട്ടർ യുഗമാണെന്നുള്ള കാര്യത്തിൽ സംശയമില്ല. വ്യക്തികൾ അവരുടെ കമ്പ്യൂട്ടറുകളിലും ഓൺലൈനിലും ചെലവഴിക്കുന്ന സമയം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ക്ലൈന്റ്സിന്റെ ആവശ്യങ്ങളും ഓരോ വർഷവും വർദ്ധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ വെബ് ഡിസൈനർമാർ തങ്ങളുടെ വൈദഗ്ധ്യം സമയാസമയം വികസിപ്പിച്ചില്ലെങ്കിൽ മാർക്കറ്റിൽ പിടിച്ചു നിൽക്കാനാകില്ല.

ട്രാവൽ ഏജൻസി

സാങ്കേതിക വിദ്യയുടെ വളർച്ചയാണ് ട്രാവൽ ഏജൻസികൾക്ക് തിരിച്ചടിയായിരിക്കുന്നത്. ആളുകൾ തങ്ങളുടെ അവധിക്കാലവും യാത്രകളും ഇന്റർനെറ്റിന്റെ സഹായത്തോടെ സ്വയം പ്ലാൻ ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഒറ്റ ക്ലിക്കിൽ തന്നെ താമസസൗകര്യവും ടിക്കറ്റുകളുമൊക്കെ ലഭിക്കുമ്പോൾ പിന്നെ ട്രാവൽ ഏജൻസികളുടെ സഹായം തേടേണ്ട ആവശ്യമില്ലല്ലോ.

തുണിക്കടകൾ

ആളുകൾ ഷോപ്പിംഗ് എന്നും ഇഷ്ടപ്പെടുന്ന കാര്യമാണ്. എന്നാൽ പുതുതലമുറയുടെ ഷോപ്പിം​ഗ് ട്രെൻഡിലും മാറ്റമുണ്ടായിരിക്കുന്നു. കടകളിൽ കയറിയിറങ്ങി സാധനങ്ങൾ വാങ്ങാനല്ല സ്വന്തം മുറിയിൽ ഇരുന്ന് തന്നെ ഷോപ്പിം​ഗ് നടത്താനുള്ള സൗകര്യമാണ് യുവാക്കൾ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. കൂടാതെ ഓൺലൈൻ ഷോപ്പിം​ഗ് സൈറ്റുകളിൽ ധാരാളം ഓഫറുകളും ലഭിക്കും.

ടാക്സി സർവ്വീസ്

ഒല, ഊബ‍‍‍ർ തുടങ്ങിയ ഓൺലൈൻ ടാക്സി സർവ്വീസുകൾ ആരംഭിച്ചതോടെ സാധാരണ പ്രൈവറ്റ് ടാക്സികൾക്ക് തിരിച്ചടിയായിട്ടുണ്ട്. കുറഞ്ഞ നിരക്കും വളരെ മികച്ച സർവ്വീസും ഓൺലൈൻ ടാക്സിയ്ക്ക് ന​ഗരങ്ങളിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.

സോഫ്റ്റ്‍വെയ‍ർ ബിസിനസ്

വളരെ ചെലവേറിയ ഒരു ബിസിനസാണ് സോഫ്റ്റ്‍വെയ‍ർ ബിസിനസ്. കൂടാതെ വികസിപ്പിക്കുന്ന ഉൽപ്പന്നവും വളരെ മികച്ചതായിരിക്കണം. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ റിസ്ക് അൽപ്പം കൂടിയ ഒരു ബിസിനസാണിത്.

ഫോട്ടോ​ഗ്രഫി

വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും പണ്ട് കാണാറുള്ള ഫോട്ടോ​ഗ്രാഫ‍ർമാരുടെ എണ്ണം ഇന്ന് വളരെ കുറവാണ്. കാരണം സന്ദർശകരുടെ എല്ലാം തന്നെ കൈയിൽ വിലകൂടിയ സ്മാ‍‍ർട്ട്ഫോണുകളും ഡിജിറ്റൽ ക്യാമറകളുമുണ്ട്. അതുകൊണ്ട് തന്നെ ഫോട്ടോ​ഗ്രഫി ബിസിനസും അത്ര ലാഭകരമല്ല.

ഓട്ടോ റിപ്പയ‍ർ ഷോപ്പ്

വാഹനങ്ങൾ അതത് കമ്പനികളിൽ മാത്രം നൽകി സർവ്വീസ് ചെയ്യുന്നവരാണ് ഇന്ന് അധികവും. അതുകൊണ്ട് തന്നെ സ്വകാര്യ ഓട്ടോ റിപ്പയർ ഷോപ്പുകൾ അത്ര ലാഭകരമായിരിക്കില്ല.

ഫാസ്റ്റ് ഫുഡ്

വളരെയേറെ മത്സരം നിറഞ്ഞ ഒരു മേഖലയാണ് ഫാസ്റ്റ് ഫുഡ് ബിസിനസ്. ഭക്ഷണത്തിന്റെ ​ഗുണമേന്മയും വിലക്കുറവും ഉറപ്പു വരുത്തിയാൽ മാത്രമേ ആളുകൾ കടയിൽ കയറൂ. വില അധികം കുറച്ചാൽ ബിസിനസിന്റെ ലാഭവും കുറവായിരിക്കും.

കമ്പ്യൂട്ട‍ർ ഷോപ്പുകൾ

കമ്പ്യൂട്ട‍ർ സർവ്വീസ് നൽകി കൊടുക്കുന്ന ഷോപ്പുകളും ഇന്ന് അധികം ലാഭത്തിലല്ല. വാഹനങ്ങളുടെ കാര്യം പറഞ്ഞതു പോലെ തന്നെ അതത് കമ്പനികളുടെ സർവ്വീസ് സെന്ററുകളിൽ നൽകി മാത്രമേ ആളുകൾ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും മറ്റും നന്നാക്കൂ. കൂടാതെ ചെറിയ കേടുകളാണെങ്കിൽ പോലും അവ വളരെ പെട്ടന്ന് തന്നെ മാറ്റി വാങ്ങുന്ന ഒരു ട്രെൻ‍ഡും പുത്തൻതലമുറയിലുണ്ട്.

Loading...