എയര്‍ ഇന്ത്യയില്‍ നിന്നുണ്ടായ ദുരനുഭവത്തിനും മാനസിക പീഡനത്തിനുമെതിരെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പരാതിയുമായി രംഗത്ത്. ജിദ്ദയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുടെ മകനാണ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്നു ഏറെ മാനസിക പീഡനം അനുഭവിച്ചത്. കഴിഞ്ഞ ബുധനാഴ്ച റദ്ദാക്കിയ കൊച്ചി-ജിദ്ദ വിമാനത്തില്‍ യാത്രക്കാരനായിരുന്നു ഈ ബാലന്‍.

കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ചെമ്മങ്കണ്ടിയുടെ മകന്‍ പതിനാല് വയസുകാരന്‍ ബാസിത് മുഹമ്മദാണ് പരാതിക്കാരന്‍. ജിദ്ദയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു ഈ ബാലന്‍. ഈ മാസം 3നു റീ-എന്‍ട്രി വിസ കാലാവധി തീരുന്ന ബാലന്‍ രണ്ടാം തീയതി രാത്രി ജിദ്ദയിലെത്തുന്ന തരത്തിലായിരുന്നു യാത്രക്കൊരുങ്ങിയത്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം അന്നേ ദിവസം വിമാനം റദ്ദാക്കി. വിസ കാലാവധി തീരുമോ എന്ന ആശങ്കയോടൊപ്പം തനിച്ചു യാത്ര ചെയ്യുന്ന ബാലന്‍ എന്ന പരിഗണന പോലുമില്ലാതെയുള്ള എയര്‍ ഇന്ത്യ അധികൃതരുടെ പെരുമാറ്റം തന്നില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കി എന്നാണ് പരാതി.

ശക്തമായ സമ്മര്‍ദ്ദഫലമായി എയര്‍ ഇന്ത്യ അധികൃതര്‍ പിറ്റേ ദിവസം ഡല്‍ഹി വഴിയാണ് ഈ ബാലനെ ജിദ്ദയിലെത്തിച്ചത്. വിസ കാലാവധി തീരാന്‍ കേവലം 10 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് ബാലന്‍ ജിദ്ദയിലെത്തിയത്. മൈനര്‍ യാത്രക്കാരനോട് പോലും എയര്‍ ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്ന് പിതാവ് മുഹമ്മദ് അറിയിച്ചു.

Loading...