ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം പെട്ടിയില്‍ കുത്തിനിറച്ച രീതിയില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയാനായിട്ടില്ല. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന ആള്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടി കണ്ട് പൊലീസിനെ വിവരമറിയിച്ചപ്പോഴാണു കൊലപാതക വിവരം പുറത്തുവരുന്നത്.

കോണ്ട്‌ലി കനാലിന് സമീപത്തെ റോഡില്‍നിന്നാണ് ഉപേക്ഷിച്ച നിലയില്‍ പെട്ടി കണ്ടെത്തിയത്. മുഖം മനസ്സിലാകാത്ത രീതിയിലായിരുന്നു പെട്ടിയില്‍ യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. മുഖത്തു പലതവണ മുറിവേല്‍പ്പിച്ച രീതിയിലാണു മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

യുവതിയുടെ കയ്യില്‍ ‘മോഹിത്’ എന്ന് ടാറ്റു ചെയ്തിട്ടുണ്ട്. വലത്തേ കയ്യില്‍ ഹിന്ദി ഭാഷയിലാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രദേശത്തെ സിസിടിവി വിഡിയോ ദൃശ്യങ്ങള്‍ പൊലീസ് സംഘം പരിശോധിച്ചു വരികയാണ്. മൃതദേഹം കണ്ടെത്തിയ പെട്ടിയില്‍നിന്ന് പൊലീസിനു പ്രത്യേകിച്ചു സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നാണു വിവരം. ന്യൂ അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണം പുരോഗമിക്കുന്നതായും ഡിസിപി പങ്കജ് സിങ് വ്യക്തമാക്കി.

സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍നിന്നു കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്. ആരാണു പെട്ടി റോഡരികില്‍ ഉപേക്ഷിച്ചതെന്ന് ഇതുവരെ കണ്ടെത്താനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് അയക്കും.

Loading...