ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിനിരയായ കുഞ്ഞ് മരിച്ചു. ചികിത്സയിലുള്ള മൂന്ന് വയസുള്ള കുട്ടിയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം. കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

തലയ്ക്ക് പരിക്കേറ്റ നിലയില്‍ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ജാര്‍ഖണ്ഡ് സ്വദേശിയായ യുവതിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നെന്ന് കുഞ്ഞിന്റെ അമ്മ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Loading...