വിദേശികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പാക്കുകയാണ് ഗള്‍ഫ് രാജ്യമായ സൗദി അറേബ്യ. സ്‌പോണ്‍സര്‍ഷിപ്പ് (കഫീല്‍) സമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലേക്കാണ് മാറുന്നത്. പുതിയ ഇഖാമ പുറത്തിറക്കിയത് ഇതിന്റെ ഭാഗമാണ്. സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ വിദേശികളെ സൗദിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുമെന്ന് കരുതുന്നു.

സൗദിയില്‍ നിന്ന് പണം കൂടുതലായി പുറത്തേക്ക് ഒഴുകുന്നത് തടയാനും ഇതോടൊപ്പം ചില നീക്കങ്ങള്‍ ഭരണകൂടം നടത്തുന്നുണ്ട്. പുതിയ ഇഖാമ ശൂറാ കൗണ്‍സില്‍ കഴിഞ്ഞദിവസം അംഗീകരിച്ചു. ഈ ഇഖാമ കിട്ടണമെങ്കില്‍ ആറ് നിബന്ധനകള്‍ വിദേശികള്‍ പാലിച്ചിരിക്കണം. ഇഖാമ സംബന്ധിച്ച വിശദ വിവരങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ….

വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ വകവെച്ചു കൊടുക്കുന്നതാണ് സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ. സൗദിയിലേക്കുള്ള വരവിലും തിരിച്ചുപോക്കിലും വിദേശികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകില്ല. സ്‌പോണ്‍സറില്‍ നിന്ന് അനുമതി വേണമെന്ന ആവശ്യവും ഇവര്‍ക്കുണ്ടാകില്ല.
രണ്ടുതരത്തിലുള്ള ഇകാമകള്‍

റസിഡന്‍സി വിഷയങ്ങള്‍ മാത്രം പരിശോധിക്കുന്നതിന് പ്രത്യേക കേന്ദ്രം സൗദി അറേബ്യ ഒരുക്കുന്നുണ്ട്. സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമയില്‍ രണ്ടുതരത്തിലുള്ള ഇകാമകളാണ് ഇനിയുണ്ടാകുക. സ്ഥിരതാമസത്തിന് സൗകര്യമുള്ളതും താല്‍ക്കാലിക താമസത്തിന് സൗകര്യമുള്ളതും. രണ്ടിനും പ്രത്യേക ഫീസ് ഈടാക്കും.

സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ സാധിക്കുമെന്നതുള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഈ ഇഖാമയുള്ളവര്‍ക്കുണ്ടാകും. പക്ഷേ എല്ലാം നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും എന്നു മാത്രം. ഫീസിനത്തില്‍ വന്‍ തുക ഖജനാവിലെത്തുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. സൗദിയുടെ പുതിയ തീരുമാനത്തെ സാമ്പത്തിക വിദഗ്ധര്‍ സ്വാഗതം ചെയ്തു.

സൗദിയുടെ സാമ്പത്തിക സാഹചര്യം മാറാന്‍ പോകുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഒട്ടേറെ വിദേശികള്‍ സൗദിയിലേക്ക് ആകര്‍ഷിക്കപ്പെടും. സ്വന്തമായി ബിസിനസ് ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ എത്തുകയും ചെയ്യും. എന്നാല്‍ സ്വദേശിവല്‍ക്കരണം നടന്ന മേഖലയില്‍ അനുമതി ലഭിക്കില്ല.

സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമയുള്ളവര്‍ക്ക് സ്വദേശികള്‍ക്കുള്ള മിക്ക ആനുകൂല്യങ്ങളും ലഭിക്കും. കുടുംബത്തിന് വേഗത്തില്‍ വിസ ലഭിക്കും. വീട്ടുജോലി ആവശ്യാര്‍ഥം ആളുകളെ കൊണ്ടുവരാന്‍ സാധിക്കും. റിയല്‍ എസ്‌റ്റേറ്റ് നടത്താം.. തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവരാണ്. എന്നാല്‍ എല്ലാതരത്തിലുള്ള നടപടികള്‍ക്കും പ്രത്യേക ഫീസ് ഈടാക്കുമെന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഫാമിലി വിസയ്ക്ക്, ജോലിക്കാരെ കൊണ്ടുവരുന്നതിന്, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നതിന് തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും പ്രവാസികള്‍ പ്രത്യേക ഫീസ് നല്‍കേണ്ടി വരും.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയില്‍ വരാന്‍ പോകുന്ന സാമ്പത്തിക പരിഷ്‌കാരം സംബന്ധിച്ച് 2016ല്‍ സൂചന നല്‍കിയിരുന്നു. സൗദി ഗ്രീന്‍ കാര്‍ഡ് സംബന്ധിച്ചും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി വരുന്നതാണ് സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ. യൂറോപ്പില്‍ നിലവിലുള്ള പോലെ ഗ്രീന്‍കാര്‍ഡ് സംവിധാനമായിരിക്കും ഇത്.

അറബികളും മുസ്ലിംകളും ആയവര്‍ക്ക് സൗദിയില്‍ ഏറെ കാലം താമസിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വച്ച ഗ്രീന്‍ കാര്‍ഡ് സംവിധാനം. നിക്ഷേപം കൂടുതലായി രാജ്യത്തേക്ക് ഒഴുകുമെന്നാണ് ഇതിന്റെ പ്രധാന നേട്ടം. അടുത്ത അഞ്ചുവര്‍ഷത്തിനകം നടപ്പാക്കുമെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

വിദേശികളില്‍ നിന്നു നിക്ഷേപത്തിന് താല്‍പ്പര്യമുള്ളവരെ സൗദിയുമായി അടുപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമ പറയുന്നു. വിദേശരാജ്യങ്ങളില്‍ പലയിടത്തും നിലവിലുള്ള പോലെ ആയിരിക്കും സ്‌പെഷ്യല്‍ പ്രവിലേജ് ഇഖാമയുടെ ഗുണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി സൗദിയില്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിനാമി ഇടപാടുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ ലഭ്യമാകുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും. ഇതോടെ അവരില്‍ നിന്ന് നികുതി ഈടാക്കാന്‍ സാധിക്കും. സമ്പദ് വ്യവസ്ഥയ്ക്ക് കരുത്താകുകയും ചെയ്യുമെന്നും ബിന്‍ ജുമ പറയുന്നു.

എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുയാണ് സൗദി ഇതുവഴി ലക്ഷ്യമിടുന്നത്. വാഹനങ്ങളും വസ്തുക്കളുമെല്ലാം വിദേശികള്‍ക്ക് വാങ്ങാനും കൈമാറ്റം ചെയ്യാനും സാധിക്കും. ഇതിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമുണ്ടാകില്ല. എന്നാല്‍ മക്ക, മദീന അതിര്‍ത്തിയില്‍ കെട്ടിടങ്ങള്‍ സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് സാധിക്കില്ല.

പാസ്‌പോര്‍ട്ട് വേണം, സാമ്പത്തിക പിന്‍ബലം വ്യക്തിക്കുണ്ടാകണം, 21 വയസ് തികഞ്ഞിരിക്കണം, സൗദിയില്‍ താമസക്കാരനാണെങ്കില്‍ ഇഖാമ കൈവശമുണ്ടാകണം, കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ ആകരുത്, മാരകരോഗങ്ങള്‍ ഇല്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണം. ഇതാണ് സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ ലഭിക്കാന്‍ വേണ്ട യോഗ്യതകള്‍.

Loading...