ഭാര്യയുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ‘മരണം വന്നു എന്റെ കണ്ണില്‍ ചുംബിക്കുമ്പോഴും അവസാന കഴ്ചയിലെ സ്വപ്‌നത്തില്‍ നിന്റെ മുഖമായിരിക്കും’എന്നായിരുന്നു ആത്മഹത്യയ്ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തിരുവല്ലം സ്വദേശി ഹരിശ്രീ (31) ആണ് ജീവനൊടുക്കിയത്. ഭാര്യയുടെയും സഹോദരിയുടെയും ഭാര്യാ പിതാവിന്റെയും പീഡനത്തില്‍ മനം മടുത്ത് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ച ശേഷമായിരുന്നു ഹരി ആത്മഹത്യ ചെയ്തത്.

ഇന്നലെ പുലര്‍ച്ചയോടെ ആറ്റുകാലുള്ള ഭാര്യവീടിനു മുന്നിലാണ് ഇയാളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ തന്നെ ഉപദ്രവിച്ചെന്നും പിന്നീട് പൊലീസില്‍ തനിക്കെതിരെ പരാതി നല്‍കി പീഡിപ്പിക്കുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ ഹരിശ്രീ പറയുന്നുണ്ട്. മര്‍ദ്ദന ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റോഡിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന ഹരിയുടെ മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഭാര്യ, ഭാര്യയുടെ പിതാവ്, സഹോദരി എന്നിവര്‍ക്കെതിരെയായിരുന്നു വിഡിയോയിലെ ആരോപണങ്ങള്‍. ഒന്നര വര്‍ഷം മുന്‍പാണ് ഹരിയുടെ വിവാഹം നടന്നത്. വിവാഹശേഷം രണ്ട് മാസം സ്വന്തം വീട്ടില്‍ താമസിച്ച ഇരുവരും പിന്നീട് ഭാര്യവീട്ടിലേക്ക് മാറുകയായിരുന്നു.

മുന്‍പ് വിവാഹിതയായ യുവതിയെയായിരുന്നു ഹരി വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചപ്പോള്‍ ഹരി യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ വീണ്ടും മുന്‍ ഭര്‍ത്താവുമായി യുവതി ബന്ധം സ്ഥാപിച്ചതില്‍ ഹരിക്ക് അസ്വസ്ഥതയുണ്ടായിരുന്നതായാണ് വിവരം. മുന്‍ ഭര്‍ത്താവുമായി മാത്രമല്ല പല പുരുഷന്മാരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാണ് ഹരി ആരോപിക്കുന്നത്. ഭാര്യ സഹോദരിക്കും പലരുമായി ബന്ധമുണ്ടെന്ന് ഹരി കണ്ടുപിടിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.

Loading...