കൂട്ടുകാരിയായ യുവതിയെ അബുദാബിയില്‍ കൊലപ്പെടുത്തിയ ഏഷ്യന്‍ യുവതിയും നാല് പുരുഷ സഹായികളും ഉള്‍പ്പെട്ട കേസ് കോടതിയില്‍. കൊല്ലപ്പെട്ട യുവതിയ്‌ക്കൊപ്പം താമസിക്കുന്ന ഏഷ്യന്‍ സ്വദേശിനിയായ സ്ത്രീയാണ് കൃത്യം ആസൂത്രണം ചെയ്തത്. ഇവര്‍ ഇതിനായി നാലു പുരുഷന്‍മാരുടെ സംഘത്തെ പ്രത്യേകം ഏര്‍പ്പാടു ചെയ്യുകയും ചെയ്തുവെന്ന് എമിറാത്ത് അല്‍ യോം റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന യുവതി ഇതില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് കൃത്യം ആസൂത്രണം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം താമസിക്കുന്ന യുവതിയെ കൊലപ്പെടുത്തി അവരുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും സ്വന്തമാക്കുകയായിരുന്നു പദ്ധതി. ഇതിനായി യുവതി ഉറങ്ങുന്ന സമയത്ത് കൃത്യം ചെയ്യാന്‍ ഏല്‍പ്പിച്ച പുരുഷന്‍മാരെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവരികയായിരുന്നു. യുവതി ഗാഢനിദ്രയില്‍ ആയിരുന്ന സമയത്ത് റൂംമേറ്റ് ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നിടുകയും ഇതുവഴി പ്രതികള്‍ അകത്ത് കടക്കുകയും ചെയ്തു.

പെട്ടെന്ന് യുവതി ഞെട്ടി ഉണര്‍ന്നപ്പോള്‍, താന്‍ സിഐഡി വിഭാഗത്തില്‍നിന്നു വരികയാണെന്നും ഐഡി കാര്‍ഡ് കാണിക്കണമെന്നും നാലു പുരുഷന്‍മാരില്‍ ഒരാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവതിക്ക് സംശയം തോന്നി. ബഹളം വയ്ക്കാന്‍ ഒരുങ്ങുന്നതിന് മുന്‍പ് പ്രതികള്‍ യുവതിയുടെ വായ് മൂടി. സാരി ഉപയോഗിച്ച് കയ്യും കാലും കെട്ടുകയും വായ് മൂടിക്കെട്ടുകയും ചെയ്തു. പിന്നീട്, ഒരു തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

യുവതി അവിടെ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും സംഘം തട്ടിയെടുക്കുകയും വീതിച്ചെടുക്കുകയും ചെയ്തു. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഒരു ജ്വല്ലറിയില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഏറെ നിര്‍ണായകമായത് പ്രതികളില്‍ ഒരാള്‍ ഫോണില്‍ എടുത്ത വിഡിയോ ആണ്. യുവതിയെ ബന്ദിക്കുന്നതും ഭയന്നിരിക്കുന്ന യുവതിയുടെ മുഖവുമെല്ലാം ഈ വിഡിയോയില്‍ പതിഞ്ഞിരുന്നു. യുവതിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്പരം സംസാരിക്കുന്നതും ഈ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. നാലാമത്തെ പ്രതിയുടെ അഭിഭാഷകന്റെ വാദം കേള്‍ക്കുന്നതിനായി കേസ് വീണ്ടും മറ്റൊരു ദിവസം പരിഗണിക്കും.

Loading...