ഡല്‍ഹി അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ജീവനക്കാര്‍ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി വനിതാ കമ്മീഷന്‍ അഭയകേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്. ദ്വാരകയിലെ അഭയകേന്ദ്രത്തിലാണ് സംഭവം.

വ്യാഴാഴ്ചയാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അഭയകേന്ദ്രത്തില്‍ പരിശോധന നടത്തിയത്. അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളുടെ അനുഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ആറ് മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുമായി അധികൃതര്‍ സംസാരിച്ചു. കേന്ദ്രത്തിലെ മുതിര്‍ന്ന വനിതാ ജീവനക്കാര്‍ ശിക്ഷയാണെന്ന പേരില്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറാറുണ്ടെന്നതടക്കമുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു പെണ്‍കുട്ടികള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. ജീവനക്കാര്‍ നിര്‍ബന്ധിച്ച് മുളക് പൊടി കഴിപ്പിക്കുകയും ചെയ്തിരുന്നതായി കുട്ടികള്‍ പറയുന്നു.

ഇതുകൂടാതെ, പാത്രം കഴുക്കുക, വസ്ത്രങ്ങള്‍ അലക്കുക, ടോയ്‌ലറ്റും ക്ലാസ് മുറികളും വൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ജോലികളെല്ലാം ജീവനക്കാര്‍ തങ്ങളെക്കൊണ്ട് ചെയ്യിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. 22 കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമായി ഭക്ഷണം പാകം ചെയ്യാന്‍ ആകെ ഒരാളെ ഉള്ളു. മാത്രമല്ല, ഭക്ഷണം വളരെ മോശമാണെന്നും കുട്ടികള്‍ പറയുന്നു. ജീവനക്കാര്‍ പറയുന്നത് അനുസരിക്കാതിരിക്കുകയോ ക്ലാസ്സ് മുറികള്‍ വൃത്തിയാക്കുകയോ ചെയ്യാതിരുന്നാല്‍ സ്‌കെയില്‍ വച്ച് അടിക്കും. ക്രിസ്തുമസ്, വേനല്‍ അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് പോകാന്‍ ജീവനക്കാര്‍ അനുവദിക്കാറില്ലെന്നും കുട്ടികള്‍ വ്യക്തമാക്കി.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ സ്വാതി മലിവാള്‍ അഭയകേന്ദ്രത്തിലെത്തി. തുടര്‍ന്ന് സ്വാതി മലിവാള്‍ ദ്വാരക ഡെപ്യൂട്ടി കമ്മീഷ്ണറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Loading...