ബാല ചിത്രങ്ങളും ലൈംഗിക വീഡിയോകളും പ്രചരിപ്പിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പായ ആചാരവെടിയില്‍ അംഗങ്ങളായ 33 മലപ്പുറത്തുകാര്‍ അറസ്റ്റില്‍.

മലപ്പുറം കുറ്റിപ്പാല സ്വദേശി അശ്വന്ദ് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറമെ വിദേശത്തുനിന്നുള്ളവര്‍ അടക്കം 256 പേരാണുള്ളത്.

ഇതില്‍ അംഗങ്ങളായ മലപ്പുറം സ്വദേശികളില്‍ 33 പേരാണ് ഇതുവരെ അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെ അറസ്റ്റു ചെയ്തത്.

ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയാണ് ഈഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നത്.

ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേര്‍ക്കും എതിരെ കേസെടുക്കാനാണ് തീരുമാനം. അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുള്‍പ്പടെയുള്ളവരുടെ ഫോണുകളില്‍ കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്.

ഗ്രൂപ്പിലെ അംഗങ്ങളില്‍ എല്ലാവരും ബാല ലൈംഗികതയോടു താല്‍പര്യമുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങള്‍ ഇവരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

സാധാരണഗതിയില്‍ ഇന്റര്‍നെറ്റില്‍ ബാലലൈംഗിക ദൃശ്യങ്ങള്‍ ലഭ്യമല്ലാതിരിക്കെ ഡാര്‍ക്ക് നെറ്റില്‍ നിന്നാവാം ഈ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തത് എന്ന നിഗമനത്തിലാണ് പോലീസ്.

രാജ്യന്തര നിയമപ്രകാരം ബാലലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും കുറ്റമാണ്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഗ്രൂപ്പിന്റെ നിര്‍മാതാവിനെയും സഹായിയെയും പോലീസ് കുടുക്കിയത്.

വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

പിന്നീട് ഗ്രൂപ്പില്‍ നിന്നുള്ള വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ 31 പേര്‍ കൂടി അറസ്റ്റിലാവുകയായിരുന്നു.

Loading...