തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ വാഹനം ഓടിച്ചത് ആരെന്ന് ഉറപ്പിക്കാനായി മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തു നൽകി. മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തോടാണു പരിശോധനാഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടത്.

കാർ ഓടിച്ചിരുന്നത് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ ആണെന്ന് മുറിവുകൾ പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകിയിരുന്നു. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നു ശേഖരിച്ച മുടി, വിരലടയാളം, രക്തം എന്നിവയുടെ ഫലം കൂടി ലഭിച്ചാൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനാകും. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുന്റെ മുടി, രക്തം, വിരലടയാളം എന്നിവ നേരത്തെ ശേഖരിച്ച് ഫൊറൻസിക് വിഭാഗത്തിനു കൈമാറിയിരുന്നു.

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഉൾപ്പെടെയുള്ളവർ അർജുൻ ആണു വണ്ടിയോടിച്ചതെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ, ബാലഭാസ്കറാണു വണ്ടിയോടിച്ചതെന്നാണ് അർജുൻ പൊലീസിനു നൽകിയ മൊഴി.

പള്ളിപ്പുറത്ത് അപകടം നടന്നയുടൻ എത്തിയവർ, മൊഴി നൽകിയവർ, മറ്റു സാക്ഷികൾ തുടങ്ങിയവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കാൻ തുടങ്ങി. ഇവരുടെയെല്ലാം ഫോൺ വിളി വിവരങ്ങൾ, പള്ളിപ്പുറം ഭാഗത്തെ ടവർ ലൊക്കേഷനിൽ ഇവർ ഉണ്ടായിരുന്നോ എന്നിവയും സൈബർ സഹായത്തോടെ പരിശോധിക്കും.

Loading...