ഹാസ്യനടന്റെ രൂപത്തില്‍ ജനപ്രിയനായിത്തീര്‍ന്ന താരമാണ് പ്രേംകുമാർ . ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ ജയറാമിനൊപ്പം ഭാഗമായ പ്രേംകുമാര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. അതേസമയം സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രേംകുമാര്‍ ചില വെളിപ്പെടുത്തലുകൾ നടത്തിയത് . ‘തൊണ്ണൂറുകളില്‍ ഓടിനടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഒരേപോലെയുള്ള വേഷങ്ങള്‍ തുടരെ വന്നപ്പോള്‍ ചില സിനിമകള്‍ വേണ്ടെന്നുവച്ചു. 2001 ലായിരുന്നു എന്റെ വിവാഹം. ഭാര്യ ജിഷ.

വിവാഹശേഷം എട്ടുവര്‍ഷത്തോളം ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അതും മറ്റു വ്യക്തിപരമായ അസൗകര്യങ്ങളുമാണ് സിനിമയില്‍ നിന്നൊരു ബ്രേക്ക് എടുക്കാന്‍ കാരണമായത്. അല്ലാതെ മനഃപൂര്‍വം സിനിമയില്‍ നിന്നും മാറിനിന്നതല്ല. ആറ്റുനോറ്റിരുന്നു മകള്‍ ജനിച്ച ശേഷമാണ് വീണ്ടും സിനിമകള്‍ നോക്കിത്തുടങ്ങിയത്. അപ്പോഴേക്കും സംവിധായകരും നടന്മാരും സിനിമ മൊത്തത്തിലും മാറിയിരുന്നു. പരിചയമുള്ള സംവിധായകര്‍ സിനിമ ചെയ്യാതെയായി. അങ്ങനെ റീഎന്‍ട്രി പിന്നെയും വൈകി. ‘ അരവിന്ദന്റെ അതിഥികള്‍, പഞ്ചവര്‍ണത്ത, പട്ടാഭിരാമന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് പ്രേംകുമാര്‍ . അടി കപ്യാരെ കൂട്ടമണി ടീമിന്റെ പുതിയ ചിത്രം ഉറിയടി, വാര്‍ത്തകള്‍ ഇതുവരെ, ജാലിയന്‍ വാലാബാഗ് എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകള്‍.

Loading...