മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വെബ്‌ സീരിസാണ് കരിക്ക്. ഓരോ കഥാപാത്രത്തേയും നാച്ചുറലിറ്റിയോടെ അവതരിപ്പിക്കാൻ കഴിവുള്ള താരങ്ങളെയാണ് ഇതിൻറെ സംവിധായകൻ തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ഏറെ പ്രശംസനീയം തന്നെയാണ് . എന്നാൽ കരിക്ക് കാരണം ജീവിതത്തിൽ നല്ലൊരു വഴിത്തിരിവുണ്ടായ ഒരു അഭിനയത്രിയാണ് ഭാസ്‌കരൻപിള്ള ടെക്‌നോളജീസ് എന്ന എപ്പിസോഡിലൂടെ മലയാളികൾ നെഞ്ചോടു ചേർത്ത അമേയ.

കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്താണ് ദൈവനിയോഗം പോലെ കരിക്ക് കിട്ടുന്നതെന്ന് കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അമേയ പറഞ്ഞു. ‘വളരെ അപ്രതീക്ഷിതമായിരുന്നു അത്. സ്‌ക്രീൻ ടെസ്‌റ്റൊക്കെ നടത്തിയിരുന്നു. ഒരു സീൻ തന്നിട്ട് ചെയ‌്തു കാണിക്കാൻ പറഞ്ഞു. അവർക്ക് നാച്യുറൽ ആക്‌ടിംഗ് ആയിരുന്നു വേണ്ടിയത്. ഇതുംകൂടി കിട്ടാതായാൽ പിന്നെ പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് അറിയാമായിരുന്നു. എന്റെ മാക്‌സിമം തന്നെ കൊടുത്തു. അറിയിക്കാമെന്ന് പറഞ്ഞാണ് വിട്ടത്. ഏതാണ്ട് ഒരാഴ്‌ച പ്രാർത്ഥനയോടെ പ്രാർത്ഥനയായിരുന്നു. അങ്ങനെയിരുന്നപ്പോൾ ഒരുദിവസം കോൾ വരുന്നു. സെലക്‌റ്റട് ആണെന്ന് പറഞ്ഞു. അധികം സന്തോഷിക്കാനും തോന്നിയില്ല. സംഭവം പുറത്തിറങ്ങി അതിൽ ഞാനുണ്ടെന്ന് ഉറപ്പിച്ചു മതി സന്തോഷം എന്ന് ആദ്യമേ തീരുമാനിച്ചു. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി.

കുറച്ചേയുള്ളുവെങ്കിലും നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. കരിക്കിലെ ആ എപ്പിസോഡ് തന്ന മൈലേജാണ് എന്നെ താരമാക്കിയത്. ഒരുപക്ഷേ കരിക്ക് ഇല്ലായിരുന്നുവെങ്കിൽ ആരും അറിയാത്ത അമേയയായി എവിടെയെങ്കിലും ഒതുങ്ങി കൂടിയേനെ’-അമേയയുടെ വാക്കുകൾ .

Loading...