ചെന്നൈ: പ്രണയബന്ധം തകർന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും അവിഹിത ബന്ധം തുടരാന്‍ നിര്‍ബന്ധിക്കാനെത്തിയ കാമുകനെ സീരിയല്‍ നടി തലയ്ക്കടിച്ചു കൊന്നു. ചെന്നൈയിലെ തെയ്‌നാപേട്ടിലാണ് സംഭവം. മധുര സ്വദേശിയായ എം. രവി (38) യെയാണ് തമിഴ് സീരിയല്‍ നടി എസ്. ദേവി( 42) കൊലപ്പെടുത്തിയത്.

സംഭവ ത്തെ തുടർന്ന് ദേവി, ഭര്‍ത്താവ് ബി.ശങ്കര്‍, സഹോദരി എസ്.ലക്ഷ്മി, അവരുടെ ഭര്‍ത്താവ് സാവരിയാര്‍ എന്നിവരെ ചെന്നൈ രാജമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

എട്ട് വര്‍ഷം മുമ്പാണ് സിനിമ ടെക്‌നീഷ്യനായ രവിയും ദേവിയും തമ്മില്‍ അടുപ്പത്തിലാവുന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പാണ് ദേവിയുടെ ഭര്‍ത്താവും വീട്ടുകാരും അറിയുന്നത്. തുടര്‍ന്ന് രവിയുമായുള്ള ബന്ധം ദേവി അവസാനിപ്പിച്ചിരുന്നു.

ഞായറാഴ്ച പുലര്‍ച്ച രവി ദേവിയെ അന്വേഷിച്ച് കൊളത്തൂരിലെ ദേവിയുടെ സഹോദരി ലക്ഷ്മിയുടെ വീട്ടിലെത്തി. തുടര്‍ന്ന് ലക്ഷ്മിയെ കൊണ്ട് ദേവിയെ ഫോണില്‍ വിളിച്ചു വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവുമായി ലക്ഷ്മിയുടെ വീട്ടിലെത്തിയ ദേവിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട രവിയെ ദേവി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകശേഷം ദേവി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവം അറിഞ്ഞ്‌ ലക്ഷ്മിയുടെ വീട്ടിലെത്തിയ പോലീസ് രവിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Loading...