എഡിജിപിയുടെ വീട്ടില്‍ പോലീസുകാര്‍ക്ക് ജോലി അടിമപ്പണി. വീട്ടിലെ നായയെ കുളിപ്പിക്കാൻ വരെ നിർബന്ധിക്കും എന്നാണു ഇപ്പോള്‍ പുറത്തു വരുന്ന വിവരം.തിനു തയാറാകാത്തവരെ ഭാര്യയും മകളും ചേർന്ന് ചീത്തവിളിക്കും. മകളുടെ മുന്നിൽ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിട്ടുണ്ട്. എഡിജിപി സുധേഷ് കുമാറിന്റെ പീഡനത്തെക്കുറിച്ചു പൊലീസ് ഡ്രൈവർ ഗവാസ്‌കർ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.

മകൾക്കെതിരായ പരാതി പിൻവലിക്കാൻ എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഫിസിൽനിന്നു ജീവനക്കാരെ വിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കെതിരെ കേസെടുത്തത് ഇതിനു വഴങ്ങാത്തതിനാലെന്നും ഗവാസ്‌കർ പറഞ്ഞു. അതിനിടെ എഡിജിപിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി മറ്റു പൊലീസുകാരും രംഗത്തെത്തി. ഔദ്യോഗിക വസതിയിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരനെ എസ്എപി ക്യാംപിൽ തടഞ്ഞിരുന്നു. സുധേഷ് കുമാറിന്റെ പട്ടിക്കുവേണ്ടി മീൻ വറുക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു ഇത്. എല്ലാദിവസവും മീൻവാങ്ങി എസ്എപി ക്യാംപിൽ വറുത്താണു കൊണ്ടുപോയിരുന്നതെന്നും പൊലീസുകാർ പറഞ്ഞു.
എഡിജിപി പൊലീസുകാരെക്കൊണ്ട് ദാസപ്പണി ചെയ്യിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും രേഖാമൂലം പരാതി നൽകുമെന്ന് പൊലീസ് അസോസിയേഷൻ വ്യക്തമാക്കി. എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്‌നമായ മനുഷ്യലംഘനമാണെന്നാണ് പൊലീസുകാർ പറയുന്നത്. പട്ടിയെ പരിശീലിപ്പിക്കാൻ വിമുഖത കാണിച്ച പൊലീസുകാരനെ കാസർഗോഡ് സ്ഥലം മാറ്റി. നേരത്തെയും പ്രതികാര നടപടികൾ ഉണ്ടായിരുന്നു. പട്ടി കടിച്ചപ്പോൾ ഡിജിപിക്കു പരാതി നൽകിയപ്പോഴാണ് നടപടി. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചതായും വെളിപ്പെടുത്തൽ പുറത്തുവന്നു.

Loading...

എഡിജിപി സുധേഷ് കുമാറിന്റെ മകൾക്കെതിരെ പരാതി നൽകിയ ഗാവസ്‌കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് പൊലീസുകാർ അമർഷം പുറത്തറിയിച്ച് രംഗത്ത് വന്നത്. ഐപിഎസ് അസോസിയേഷൻ ഉറച്ച നിലപാടിലാണ്. എഡിജിപിക്കെതിരെ സംസാരിച്ച പൊലീസുകാരനെതിരെ നടപടി വേണമെന്നാണ് ഐപിഎസുകാരുടെ ആവശ്യം. അതിനെ പ്രതിരോധിക്കാനാണ് പൊലീസ് അസോസിയേഷന്റെ നീക്കം. അതുകൊണ്ട് തന്നെ സുധേഷ് കുമാറിന്റെ പീഡനങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവും സംഘടിപ്പിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടുജോലിയിൽ നിന്ന് പൊലീസുകാരെ പിൻവലിക്കും.

മർദിച്ചെന്ന പരാതിയിൽ ഡ്രൈവർ ഗവാസ്‌കറാണ് സുധേഷ് കുമാറിന്റെ മകൾക്കെതിരെ പരാതി നൽകിയത്. ഗവാസ്‌കറിന്റെ പരാതിയിൽ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെ എഡിജിപിയുടെ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിനിടെ ഗവാസ്‌കറിനെതിരെയും എഡിജിപിയുടെ മകൾ പരാതി നൽകി. ഈ പരാതിയിലാണ് ഇപ്പോൾ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.

ആദ്യം പൊലീസുകാരന്റെ പരാതിയിൽ എഡിജിപിയുടെ മകൾക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവർ മൊഴി നൽകുകയും ആശുപത്രിയിൽ എത്തുകയും ചെയ്തത്. ബറ്റാലിയൻ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവർ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ പരിക്ക് ഗുരുതരമാണ്.

സംഭവത്തെക്കുറിച്ച് പൊലീസുകാരന്റെ പരാതി ഇങ്ങനെയാണ്. എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തിൽ കനകക്കുന്നിൽ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോൾ വാഹനത്തിലിരുന്ന മകൾ തന്നെ ചീത്ത വിളിച്ചു. ഇത് തുടർന്നാൽ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിർത്തി. പ്രകോപിതയായ പെൺകുട്ടി വണ്ടിയിൽനിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാൻ കഴിയില്ലെന്നും പറഞ്ഞു. തുടർന്ന് ഒാേട്ടാറിക്ഷയിൽ പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകൾ പോയി. എന്നാൽ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈൽ ഫോൺ എടുക്കുകയും ഇത് ഉപയോഗിച്ച് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു. ഇടിയിൽ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് എ.ഡി.ജി.പി.യോട് പരാതിപ്പെട്ടിരുന്നതായും പൊലീസുകാരൻ പറയുന്നു.


 

 
Loading...