വിമാനത്തിനകത്ത് മർദവ്യത്യാസമുണ്ടായതിനെത്തുടർന്ന് യാത്രക്കാർ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് – കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാലു യാത്രക്കാരുടെ മൂക്കിൽനിന്ന് രക്തം വന്നു. മറ്റു ചിലർക്ക് കടുത്ത ചെവിവേദന അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയോടെ പുറപ്പെട്ട വിമാനം തിരിച്ചിറക്കി. നാലുപേരെയും വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചു. പ്രശ്നം പരിഹരിച്ച ശേഷം വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

ഐഎക്സ് – 350 നമ്പർ വിമാനം മസ്കത്ത് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് വൈകാതെയാണ് പ്രശ്നമുണ്ടായത്. അതേ വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. യാത്രക്കാരെ മെഡിക്കൽ ഏരിയയിലേക്ക് മാറ്റി പരിശോധിച്ച് അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. വിമാനത്തിന്റെ തകരാർ പരിഹരിക്കുകയും ചെയ്തു.

മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737–8 വിഭാഗത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. എയർക്രാഫ്റ്റ് പ്രഷറൈസേഷൻ പ്രശ്നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്പ്രസ് അറിയിച്ചു.

Loading...