പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കം നോക്കി ചാര്‍ജ് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മരിച്ചയാളുടെ ഭാരത്തിന്റെ ഓരോ കിലോക്കും നല്‍കണം. ഇതിന് പുറമെ ശവപ്പെട്ടിയുടെ ഭാരത്തിനും എയര്‍ ഇന്ത്യ പണം ഈടാക്കുകയാണ്.

പ്രവാസിയുടെ മൃതദേഹം വിമാന കമ്പനികള്‍ക്ക് കാര്‍ഗോ ചരക്ക് മാത്രമാണ്. ഒരു കിലോ പച്ചക്കറി എയര്‍ ഇന്ത്യയില്‍ നാട്ടിലയക്കാന്‍ കിലോക്ക് മൂന്ന് ദിര്‍ഹം മതി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാമെന്ന പ്രതീക്ഷയിൽ കടൽ കടക്കുന്ന പ്രവാസി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യ മഹാരാജ്യത്തിന്റെ സ്വന്തം വിമാന കമ്പനിയായ “എയർ ഇന്ത്യ” ഈടാക്കുന്ന “ശവക്കന”ത്തിന് കിലോക്ക് 18 ദിര്‍ഹം നല്‍കണം. പറയുന്നത് മറ്റാരുമല്ല ഈ രംഗത്തെ സേവനത്തിന് പ്രവാസി ഭാരതീയ പുരസ്കാരം നേടിയ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയാണ്. പല ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളും മൃതദേഹത്തിന് നിശ്ചിത നിരക്ക് ഈടാക്കുമ്പോഴാണ് ദേശീയവിമാന കമ്പനിയുടെ ചൂഷണം.

അഷ്റഫ് താമരശ്ശേരിയുടെ ആക്ഷേപം നേരത്തേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ എയര്‍ ഇന്ത്യയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏറ്റവും കുറവ് തുക ഈടാക്കുന്നത് എന്നായിരുന്നു അധികൃതര്‍ വിശദീകരിച്ചത്. എന്നാലിത് അടിസ്ഥാനരഹിതമാണെന്ന് അഷ്റഫ് പറയുന്നു. അയല്‍ രാജ്യമായ പാകിസ്താനടക്കം പ്രവാസിയുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമ്പോള്‍ നമ്മുടെ ദേശീയ വിമാന കമ്പനി ശവപ്പെട്ടിയുടെ ഭാരത്തില്‍ പോലും ഇളവ് നല്‍കാത്തത് പ്രവാസികളില്‍ വന്‍ പ്രതിഷേധത്തിന് കാരണമാവുകയാണ്.

മരണം പോലും മറ്റൊരാൾക്കും ഭാരമാക്കരുത് എന്ന് കരുതുന്ന പ്രവാസിയുടെ ശവശരീരം തൂക്കി നോക്കി കിലോക്ക് വില പറയുന്ന ഏർപ്പാട് എയർ ഇന്ത്യയും മറ്റു വിമാന കമ്പനികളും അവസാനിപ്പിക്കണമെന്നാണ് വാട്സ് ആപ്പിലൂടെയും സോഷ്യൽ മീഡിയ വഴിയും പ്രചരിക്കുന്ന കുറിപ്പിൽ പ്രവാസികൾ അഭ്യർത്ഥിക്കുന്നത്.

2016 ൽ മാത്രം യു എ ഇ യിൽ മരണപ്പെട്ടത് 400 ലധികം മലയാളികളാണ്. അഷ്‌റഫ് താമരശ്ശേരി പോലെയുള്ള നന്മയുള്ള ആളുകൾ ഗൾഫിൽ ഉള്ളതുകൊണ്ടാണ് ഇപ്പോൾ മരണപ്പെടുന്ന ആളുകളുടെ മൃതദേഹം നാട്ടിലേക്ക് വലിയ കുഴപ്പമില്ലാതെ എത്തിക്കാൻ കഴിയുന്നത്. ഏകദേശം 16 വർഷത്തോളമായി ഈ പ്രവർത്തി തുടരുന്ന അഷ്റഫിനെപ്പോലെയുള്ള ആളുകൾ ഇതിനായി മുന്നിട്ടിറങ്ങേണ്ടതുണ്ട്.

മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികൾ സൗജന്യമായി അവരുടെ നാട്ടിലേക്ക്
മൃതദേഹങ്ങൾ എത്തിക്കുന്ന മാതൃക പിൻപറ്റാൻ നമ്മുടെ ഭരണകൂടം ഇനിയും തയ്യാറാകാത്തത് തീർത്തും വിരോധാഭാസമാണ്. പല സ്വകാര്യ വിമാന കമ്പനികളും കുറഞ്ഞ നിരക്കിൽ മൃത ദേഹങ്ങൾ നാട്ടിലെത്തിക്കാൻ തയ്യാറാവുമ്പോഴും എയർ ഇന്ത്യയുടെ ഈ ക്രൂരതക്ക് അറുതിയാവാത്തതെന്തേ?. അത്തർ പൂശിയ പെട്ടിയും ലഗ്ഗേജ്ജും ഇല്ലാതെ മരുന്ന് പൂശിയ പെട്ടിയിലാക്കി കുടുംബത്തിലേക്ക് പറഞ്ഞയക്കുമ്പോഴെങ്കിലും”പ്രവാസി ജഡ”ത്തെ പിഴിയാതിരിക്കണം ഇത്തരം കമ്പനികൾ.  ഈ ക്രൂരതക്കെതിരായ പോരാട്ടത്തിന് പിന്തുണ ലഭിക്കുന്നില്ലെന്നാണ് ലാഭേശ്ചയില്ലാതെ നാലായിരത്തിലേറെ മൃതദേഹങ്ങള്‍ വിവിധ രാജ്യങ്ങളിലെ ത്തെിച്ച പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അശ്റഫ് താമരശ്ശേരി ഉന്നയിക്കുന്നത്. അധികാരി വർഗത്തിന്റെ കണ്ണ് തുറക്കാൻ ഓരോ പ്രവാസി ഇന്ത്യക്കാരനും പ്രതികരിക്കണം, പ്രതിഷേധിക്കണം. അധികാരികളെ കണ്ണുതുറക്കൂ…

Loading...