തിരുവനന്തപുരം:മലയാളികളുടെ തിരോധാനത്തിൽ ആശങ്കയുണ്ട്, ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധം ആരോപിച്ച് സാമുദായിക ധ്രുവീകരണം നടത്തുന്നത് ശരിയല്ലെന്ന് മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ. ആന്റണി. കാണാതായവരെല്ലാം ഐഎസിൽ ചേർന്നതായി സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്തെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ കൂടി പരിഗണിച്ച് വേണം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താനെന്നും ആന്റണി പറഞ്ഞു.

ഏതാനും ചെറുപ്പക്കാർ ഐഎസിലേക്ക് പോയിട്ടുണ്ടെന്ന പേരിൽ മുസ്‌ലിം സമുദായത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ശ്രമങ്ങൾ നിർഭാഗ്യകരവും പ്രതിഷേധകരവുമാണ്. മലയാളികളുടെ തിരോധാനത്തിൽ ആശങ്കയുണ്ട്. ഐഎസ് പോലുള്ള വിപത്തുകൾക്കെതിരെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു.

കാണാതായ മലയാളികളുമായി ബന്ധപ്പെട്ട ഐഎസ് ആരോപണത്തിന്റെ പേരിൽ മുസ്‌ലിം സമുദായത്തെ മുൾമുനയിലാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. പ്രത്യേക ഗ്രൂപ്പുകളാണ് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്നും സുധീരൻ തിരുവനന്തപുരത്ത് പറഞ്ഞു.

Loading...