നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി വീണ്ടും സംവിധായകന്‍ ആലപ്പി അഷ്‌റഫ്. നടന്‍ ദിലീപിനെതിരായി ചാനലുകളില്‍ സംസാരിക്കുവര്‍ക്കെതിരെ വധഭീഷണിയെന്ന് അഷ്‌റഫ് പറയുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന് കോടതികള്‍ നോട്ടീസ് ബോര്‍ഡില്‍ ഇടേണ്ട സാഹചര്യമാണെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. കേസിന്റെ സാഹചര്യത്തില്‍ മാറ്റമില്ലെന്ന് പറയാനാകില്ല. കാരണം മാധ്യമപ്രവര്‍ത്തകനായ പെല്ലിശേരിയെ ഒക്ടോബര്‍ രണ്ടിന് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരെയും ആക്രമണ ഭീഷണിയുണ്ടെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.

അവര്‍ വക്കീലിനെ മാറ്റുന്നു. ബെഞ്ച് മാറ്റിക്കിട്ടുമോ എന്ന് നോക്കുന്നു. മൂന്ന് വക്താക്കള്‍ ഇനി ചാനലില്‍ ഇരിക്കേണ്ടെന്ന് തീരുമാനം വന്നിട്ടുണ്ട്. ഇങ്ങനെയെല്ലാം സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് അഷ്‌റഫ് പരിഹസിച്ചു. ദിലീപിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ച സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീട്ടിലും ആക്രമണം ഉണ്ടായി. വീടിന്റെ മതില്‍ ചാടിക്കടന്ന് രണ്ട് പേര്‍ ഒരു വിദേശ ബ്രീഡ് നായയെ കമ്പിവടി കൊണ്ട് അടിച്ചു കൊന്നു. ഈ കേസിലെ ആദ്യ രക്തസാക്ഷിയാണ് ആ നായ എന്നും അഷ്‌റഫ് പറഞ്ഞു.

Loading...