ഇന്ത്യക്കാരുടെ പുതിയ ഗൾഫ് ആയി ആഫ്രിക്കൻ രാജ്യങ്ങൾ സമീപഭാവിയിൽ മാറുമെന്നു രാജ്യാന്തര വ്യവസായ ശൃംഖലയായ ഡംഗോട്ടെ ഗ്രൂപ്പ് ഉടമയും ഫോബ്സ് പട്ടികപ്രകാരം ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സമ്പന്നനുമായ അലികോ ഡംഗോട്ടെ.

കൃഷി, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചു കേരളത്തിലുള്ളവർക്കു വലിയ അവസരങ്ങളാണ് ആഫ്രിക്കയിൽ ഒരുങ്ങുന്നത്. ഗൾഫിലെ സാമ്പത്തികപ്രതിസന്ധി ആഫ്രിക്കയിലേയ്ക്കു കൂടുതൽ നിക്ഷേപകരെയും തൊഴിൽ നൈപുണ്യമുള്ളവരെയും ആകർഷിക്കുമെന്നും ഡംഗോട്ടെ പറഞ്ഞു. ‌

സ്വകാര്യസന്ദർശനത്തിനു സ്വന്തം വിമാനത്തിൽ കേരളത്തിലെത്തിയ അലികോ ഡംഗോട്ടെ ഡൽഹിയിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടെ മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്…

പട്ടിണിയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും പേരിലാണ് ആഫ്രിക്കൻ രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത്. ഒരു സാമ്പത്തികക്കുതിപ്പ് സാധ്യമാണോ?

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളിലും സ്ഥിരതയുള്ള സർക്കാരുകളാണ് ഇപ്പോൾ ഭരിക്കുന്നത്. സംഘർഷങ്ങൾ കുറയുന്നു. എല്ലാം ശരിയായി എന്നു ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ, പ്രതീക്ഷ പകരുന്ന മാറ്റങ്ങളാണ് എല്ലായിടത്തും. ഭാവിയിലെ സാമ്പത്തികക്കുതിപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണു സർക്കാരുകൾ നടത്തുന്നത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആഫ്രിക്കയിൽ നിക്ഷേപിക്കാനും ജോലി തേടാനുമുള്ള വൈമുഖ്യം മാറിത്തുടങ്ങിയോ?

വിദേശരാജ്യങ്ങൾ ആഫ്രിക്കയെ കാണുന്ന രീതിയിലും മാറ്റം വന്നുതുടങ്ങി. എന്റെ നാടായ നൈജീരിയ ഉൾപ്പെടെയുള്ളവ രഹസ്യമായി സൂക്ഷിക്കപ്പെട്ട നിധികളാണ്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഒട്ടേറെ വിദേശനിക്ഷേപകർ നല്ല സമയത്തിനായി കാത്തിരിക്കുകയാണ്. ആഫ്രിക്കയിൽ ഇപ്പോൾ നടത്തേണ്ടതു ദീർഘകാലത്തേയ്ക്കുള്ള നിക്ഷേപമാണ്. ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ കൊള്ളലാഭമുണ്ടാക്കാമെന്നുള്ള പ്രതീക്ഷയുമായി ആഫ്രിക്കയിലേയ്ക്കു വരരുത്. ഏറ്റവും വിശ്വസ്തരായ രാജ്യമാണ് ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങളെല്ലാം ഇന്ത്യയുമായുള്ള വ്യാപാര, നയതന്ത്രബന്ധങ്ങൾക്കു വലിയ പ്രാധാന്യമാണു നൽകുന്നത്. ഡംഗോട്ടെ ഗ്രൂപ്പിനു കീഴിൽ ഏകദേശം 2300 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഞങ്ങളുടെ ബോ‍ർഡ് ഓഫ് ഡയറക്ടറേറ്റിലും ഇന്ത്യക്കാരനുണ്ട്–തമിഴ്നാട്ടുകാരനായ ഡി.വി.ജി.എഡ്‌വിൻ.

പുറം കരാറുകളുടെയും മറ്റും രൂപത്തിൽ പരോക്ഷമായി ഏകദേശം കാൽ ലക്ഷം ഇന്ത്യക്കാർക്കെങ്കിലും ഡംഗോട്ടെ ഗ്രൂപ്പ് തൊഴിൽ നൽകുന്നുണ്ട്. ഡംഗോട്ടെ ഗ്രൂപ്പിന്റെ ഫാക്ടറികൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം നടത്തുന്നതു മലയാളികളായ എസ്.ഗണേഷ് കുമാറും കെ.കൃഷ്ണൻകുട്ടിയും നേതൃത്വം നൽകുന്ന അയോകി ഫാബ്രികോൺ എന്ന കമ്പനിയാണ്.

അലികോ ഡംഗോട്ടെ

അഞ്ഞൂറിലേറെ മലയാളികൾ ഈ കമ്പനിയിൽ മാത്രം ആഫ്രിക്കയിൽ ജോലി ചെയ്യുന്നുണ്ട്. ഡംഗോട്ടെ ഗ്രൂപ്പ് നൈജീരിയയിൽ ആരംഭിക്കുന്ന ലോകത്തെ ഏറ്റവുംവലിയ പെട്രോളിയം റിഫൈനറി പദ്ധതിയിൽ 2000 കോടി രൂപയുടെ എൻജിനീയറിങ് കരാർ ഇന്ത്യൻ കമ്പനികൾക്കാണു നൽകുന്നത്.

ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധി കേരളത്തിന്റെ വലിയ ആശങ്കയാണ്?

പെട്രോളിയത്തിന്റെ വിലയിടിവ് എണ്ണ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയുള്ള എല്ലാ രാജ്യങ്ങളെയും ബാധിക്കും. ആഫ്രിക്കൻ രാജ്യങ്ങളുടെയും പ്രധാന വരുമാനമാർഗങ്ങളിലൊന്നു പെട്രോളിയമാണ്. പക്ഷേ, അതിൽ മാത്രം ശ്രദ്ധയൂന്നിയാൽ മുന്നോട്ടു പോകാനാകില്ല. ആഫ്രിക്കയുടെ ഏറ്റവും വലിയ സമ്പത്ത് മണ്ണ് ആണ്. ലോകത്തെ മുഴുവൻ ഊട്ടാനുള്ള ശേഷി ആഫ്രിക്കയ്ക്കുണ്ട്. അതുപക്ഷേ, ശരിയായി വിനിയോഗിക്കപ്പെട്ടിട്ടില്ല.

നൈജീരിയയിൽ കൃഷിയോഗ്യമായ ഭൂമിയുടെ എട്ടു ശതമാനം മാത്രമേ ഫലപ്രദമായി വിനിയോഗിക്കുന്നുള്ളൂ. കൃഷി ആഫ്രിക്കയിലെ വലിയ നിക്ഷേപസാധ്യതയാണ്. സാങ്കേതികവിദ്യയിലും ആഫ്രിക്കയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ വരും വർഷങ്ങളിൽ സൃഷ്ടിക്കപ്പെടും. വിനോദസഞ്ചാരമേഖലയിൽ തെക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഈ മേഖലയിൽ ഇപ്പോൾ തന്നെ ഇന്ത്യക്കാരുടെ പങ്കാളിത്തം ധാരാളമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ വിദ്യാഭ്യാസമേഖലയിൽ ഇന്ത്യയിൽ നിന്നുള്ള അധ്യാപകർ സജീവമായുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ആഫ്രിക്കൻ രാജ്യങ്ങൾ കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയ പശ്ചാത്തലത്തിൽ തൊഴിലവസരങ്ങൾ വർധിക്കും.

ലോക സമ്പന്നരുടെ പട്ടികയിലെ മുൻനിരക്കാരിലൊരാൾ. എന്താണ് വിജയരഹസ്യം?

രണ്ടു കാര്യങ്ങളുണ്ട്–എനിക്കു പൂർണമായി മനസ്സിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള മേഖലയിൽ മാത്രമേ ഞാൻ പണം മുടക്കാറുള്ളൂ .രണ്ടാമത്തേതു ഞാൻ പണം മുടക്കുന്ന മേഖലയിൽ ഒന്നാമതെത്താൻ ശ്രമിക്കും. ഒരു കാരണവശാലും അതിനു കഴിഞ്ഞില്ലെങ്കിൽ രണ്ടാമതെങ്കിലും എത്താൻ കഴിയണം.

Loading...