വിചിത്രമായ ക്ഷേത്ര വിശ്വാസങ്ങൾകൊണ്ട് സമ്പന്നമായനാടാണ് ആന്ധ്രാ പ്രദേശ്. ചരിത്രവും കഥകളും ഒരുപോലെ പറയുന്ന ഇവിടുത്തെ ക്ഷേത്രങ്ങളുടെ പുരാണം തിരഞ്ഞു പോവുക എന്നത് അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല. ചരിത്രവും പാരമ്പര്യവും ഒന്നും നോക്കാതെ വിശ്വാസത്തിന്റെയും ഇവിടെ നടക്കുന്ന അത്ഭുതങ്ങളുടെയും പേരിലാണ് വിശ്വാസികൾ ക്ഷേത്രങ്ങളിലെത്തുന്നത്. അത്തരത്തിൽ അമ്പരപ്പിക്കുന്ന കഥകൾ കൊണ്ട് വിശ്വാസികളെ അതിശയിപ്പിച്ച, ഓരോ ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗമുള്ള ആന്ധ്രാപ്രദേശിലെ അമരലിംഗേശ്വര ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

ആന്ധ്രാപ്രദേശില ഗുണ്ടൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമരലിംഗേശ്വര ക്ഷേത്രം ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. കൃഷ്ണ നദിയുടെ തീരത്ത് പണികഴിപ്പിച്ചിരിക്കുന്ന ഇത് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ വിശ്വാസം കൊണ്ട് പ്രസിദ്ധമാണ്.

അമരലിംഗേശ്വര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇവിടുത്തെ വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗമാണ്. അമരേശ്വര സ്വാമി അഥവാ അമരലിംഗേശ്വര സ്വാമി എന്ന പേരിൽ ശിവനെ ആരാധിക്കുന്ന ക്ഷേത്രത്തിന് പറഞ്ഞാൽ തീരാത്ത കഥകളാണുള്ളത്. ഇവിടെ പ്രചരിക്കുന്ന ഒരു കഥയനുസരിച്ച് അവസാനമില്ലാതം വളർന്നു കൊണ്ടിരിക്കുന്ന ഇതിന്റെ വളര്‍ച്ച നിർത്തുവാൻ ദേവന്മാർ തീരുമാനിച്ചുവത്രെ. അങ്ങനെ ശിവലിംഗത്തിന്റെ മുകളിൽ നഖം കൊണ്ട് കുത്തിനോക്കി. അപ്പോഴേക്കും ശിവലിംഗത്തിന‍്‍റെ മുകളിൽ നിന്നും രക്തം താഴേക്ക് ഒഴുകുവാൻ തുടങ്ങുകയും ശിവലിംഗത്തിന്റെ വളർച്ച അവിടെ നിലയ്ക്കുകയും ചെയ്കുവത്രെ.

വളരെയധികം ഉയരത്തിൽ നിൽക്കുന്ന ഈ ശിവലിംഗത്തിന് പിന്നിൽ കഥകൾ ഒരുപാടുണ്ട്. നഖം കൊണ്ട് കുത്തിനോക്കിയതിനു ശേഷം ശിവലിംഗത്തിൻരെ മുകളിലെ അറ്റത്ത് ചുമന്ന പൊട്ടു പോലെ ഒന്നു കാണാൻ പറ്റും. അന്നു രക്തമൊഴുകിയതിന്റെ പാടാണ് ഇതെന്നാണ് വിശ്വാസം. ആ ചുവന്ന പാടുകൾ ഇന്നും അവിടെ കാണാൻ കഴിയും.

ക്ഷേത്രം എങ്ങനെ സ്ഥാപിതമായി എന്നതിനു പിന്നിലെ കഥ കുമാര സ്വാമിയും താരകാസുരനും തമ്മിലുള്ള യുദ്ധത്തിന്റെ ബാക്കിയാണ്. ശിവലിംഗം വഹിച്ചിരുന്ന താരകാസുരനെ തറപറ്റിക്കുവാൻ പോയ കുമാരസ്വാമിയാണ് ഈ കഥയിലെ നായകൻ. ശിവലിംഗം കയ്യിൽ വയ്ക്കുന്നിടത്തോളം കാലം താരകാസുരനെ തോൽപ്പിക്കുവാൻ ആകില്ലത്രെ. അതുകൊണ്ട് തന്നെ അസുരനുമായി നേരിട്ട് അങ്കത്തിനു പോയ കുമാരസ്വാമി വിഷ്ണുവിന്റെ നിർദ്ദേശ പ്രകാരം ആ ശിവലിംഗം ആദ്യം തന്നെ താഴെയിടുവിപ്പിച്ചു. അതിൽ ശിവലിംഗം താഴെവീണ് ഉടഞ്ഞ സ്ഥലങ്ങളിലൊന്നിലാണ് ഇന്നു കാണുന്ന അമരലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം.

ഒരു കാലത്ത് ബുദ്ധമത വിശ്വാസികളുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ക്ഷേത്രത്തിലെ കൊത്തുപണികളും ഉള്ളിലെ ചിത്രങ്ങളും ഒക്കെ അതിന്റെ അടയാളങ്ങളായി ഇന്നും നിലനിൽക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലും അതിൻറെ അടയാളങ്ങൾ ഉണ്ട്.

വാസിറെഡ്ഡി വെങ്കിട്ടാദ്രി നായിഡു എന്ന ചിന്താപ്പള്ളി രാജാവാണ് ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. അമരേശ്വരന്റെ കഠിന ഭക്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നാട്ടില ഒരു കാലപത്തിൽ ഒട്ടേറെ പോരെ അദ്ദേഹത്തിന് കൊലപ്പെടുത്തേണ്ടി വന്നു. അതിൽ പശ്ചാത്തപിച്ച്. തന്റെ പാപങ്ങൾക്ക് പ്രാശ്ചിത്തമായി അദ്ദേഹം ഈ ക്ഷേത്രം പുനർനിർമ്മിച്ചുവത്രെ. അക്കാലത്ത് അദ്ദേഹം ധാരാളം ശിവക്ഷേത്രങ്ങൾ നിർമ്മിച്ചു എന്നു ചരിത്രം പറയുന്നുണ്ട്.

ദ്രാവിഡ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപുരങ്ങളാലും കൊത്തു പണികളാലും ഒക്കെ സമ്പന്നമാണ് ക്ഷേത്രത്തിന്റെ ഓരോ ചുവരുകളും. ബുദ്ധ നിർമ്മാണത്തിന്റെ മാതൃകകൾ ക്ഷതേര് നിർമ്മാണത്തിൽ വലുതായി സ്വാധീനിച്ചിട്ടുണ്ട്. 15 അടിയോളം ഉയരമുള്ള, മാർബിളിൽ നിർമ്മിച്ചിരിക്കുന്ന ശിവന്റെ രൂപം അതിന്റെ അടയാളമാണ്. അത് കൂടാതെ വളർന്നു കൊണ്ടിരിക്കുന്ന ശിവലിംഗം ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. പല കാലഘട്ടത്തിലായി നിർമ്മിച്ച ശില്പങ്ങളും ഇവിടെയുണ്ട്.

മൂന്നു വൃത്തങ്ങൾക്കുള്ളിലായാണ് ക്ഷേത്രം നിര്മ്മിച്ചിരിക്കുന്നത്. ഒന്നാമത്തെ വൃത്തത്തിനുള്ളിൽ മഹിഷാസുര മർദ്ദിനി, വീരഭദ്ര സ്വാമി, ഓംകാരേശ്വര സ്വാമി, ഗുരു ദത്താത്രേയ, അഗസ്തീശ്വര സ്വാമി, എന്നിവരുടെ ക്ഷേത്രങ്ങളും രണ്ടാമത്തെ വൃത്തത്തിൽ വിനായക, കാലഭൈരവ,ആഞ്ജനേയ, നാഗേന്ദ്രസ്വാമി, കുമാരസ്വാമി, മരത്തിനടിയിലിരിക്കുന്ന കൃഷ്ണൻ എന്നിവരുടെ ക്ഷേത്രങ്ങലും മൂന്നാമത്തെ വൃത്തത്തിൽ കാശി വിശ്വനാള, മല്ലികാർജുന, പുഷ്പ ദന്തേശ്വരസ്വാമി, കാളഹസ്തീശ്വര എന്നവരുടെ ക്ഷേത്രങ്ങളും കാണാം. ഈ മൂന്നു വൃത്തങ്ങളും അവയ്ക്കുള്ളിലെ ക്ഷേത്രങ്ങളും ചേരുന്നതാണ് അമരലിംഗേശ്വര ക്ഷേത്രം.പുണ്യ നദികളിലൊന്നായ കൃഷ്ണ നദിയുടെ തീരത്താണ് അമരലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തി മുങ്ങിക്കുളിച്ചാൽ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം.

ശിവനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ നടക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശിവരാത്രിയാണ്. കൂടാതെ നവരാത്രി, കല്യാണ ഉത്സവം തുടങ്ങിയവയും ഇവിടെ ആഘോഷിക്കുവാറുണ്ട്.രാവിലെ 9.30 മുതൽ വൈകിട്ട് 1.30 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയുമാണ് ഇവിടെ ദർശനത്തിനുള്ള സമയം. പഞ്ചരാമ ക്ഷേത്രങ്ങളിൽ ഒന്നായതിനാൽ ആന്ധ്രയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്.

1800 വർഷം പഴക്കമുള്ള വേണുഗോപാല സ്വാമി ക്ഷേത്രം, സായ് ബാബാ ക്ഷേത്രം. ലളിതാ പാഠം, ബുദ്ധ സ്തൂപാ തുടങ്ങിയവയാണ് ഇവിടുത്തെ സമീപത്തെ ക്ഷേത്രങ്ങൾ.ആന്ധ്രാ പ്രദേശിലെ അമരാവതിയിലാണ് അമരേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന പട്ടണമായ ഗുണ്ടൂരിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് അമരാവതിയുള്ളത്. ആന്ധ്രയിലെ എല്ലാ പട്ടണങ്ങളിൽ നിന്നും ഇവിടേക്ക ബസ് സർവ്വീസുകൾ ലഭ്യമാണ്.80 കിലോമീറ്റർ അകലെയുള്ള വിജയവാഡ എയർപോർട്ടാണ് സമീപത്തെ വിമാനത്താവളം.ട്രെയിനിനു വരുന്നവർക്ക് ഗുണ്ടൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കാം.

Loading...