ന്യൂഡല്‍ഹി : കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ ആംബുലന്‍സുകള്‍ അമിതലാഭം ഉണ്ടാക്കുന്നതായി വ്യാപക പരാതി. യൂറോപ്പിലേക്കുള്ള വിമാന ചാര്‍ജാണ് 10-15 കിലോമീറ്റര്‍ ദൂരത്തേക്ക് ആംബുലന്‍സുകള്‍ ഈടാക്കുന്നതെന്നുവരെ പരാതി ഉയര്‍ന്നിട്ടുണ്ട്. ആംബുലന്‍സ് നിരക്കുകള്‍ക്കു വിവിധ സംസ്ഥാനങ്ങള്‍ പരിധി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെടാറില്ലെന്നും ആരോപണമുണ്ട് .

മുംബൈയില്‍ 10-15 കിലോമീറ്റര്‍ പോകാന്‍ 30,000 രൂപ വരെ ആംബുലന്‍സുകള്‍ ഈടാക്കിയതായി പരാതിയുണ്ട്. പുണെയില്‍ ഏഴ് കിലോമീറ്ററിന് കോവിഡ് രോഗിയില്‍നിന്ന് 8000 രൂപയാണു വാങ്ങിയത്. ഹൈദരാബാദില്‍ കോവിഡിനു മുന്‍പ് 5 കിലോമീറ്റര്‍ വരെ 120 രൂപയും കൂടുതല്‍ ദൂരത്തിന് കിലോമീറ്ററിന് 25 മുതല്‍ 40 രൂപ വരെയുമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പത്തു കിലോമീറ്റര്‍ വരെ 5000 മുതല്‍ 10,000 രൂപ വരെയും ബാക്കിയുള്ള ദൂരത്തിന് കിലോമീറ്ററിന് 30-60 രൂപയുമാണ് ഈടാക്കുന്നത്.

കൊല്‍ക്കത്തയില്‍ കോവിഡ് രോഗികളെ അഞ്ച് കിലോമീറ്റര്‍ കൊണ്ടുപോകാന്‍ 6000 മുതല്‍ 8000 വരെ രൂപയാണ് ഈടാക്കുന്നത്. ഛണ്ഡിഗഡില്‍ കോവിഡിനു മുന്‍പ് സാധാരണ ആംബുലന്‍സിന് 250-400 രൂപയും ജീവന്‍രക്ഷാ സംവിധാനമുള്ളതിന് 1,500 രൂപയുമായിരുന്നു ചാര്‍ജ്. എന്നാല്‍ ഇപ്പോള്‍ ഇത് യഥാക്രമം 800 ഉം 2,500 ആയി ഉയര്‍ന്നു. ജാര്‍ഖണ്ഡില്‍ കോവിഡിനു മുന്‍പ് 10 കിലോമീറ്റര്‍ വരെ 500 രൂപയായിരുന്നത് ഇപ്പോള്‍ 900 ആയി ഉയര്‍ന്നു.

പല സംസ്ഥാനങ്ങളില്‍നിന്നും ആംബുലന്‍സുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ചു പരാതി ഉയരുന്നുണ്ട്. ബെംഗളൂരുവില്‍ ആറു കിലോമീറ്റര്‍ അപ്പുറത്തുള്ള ആശുപത്രിയിലേക്ക് 54 കാരിയായ അമ്മയെ എത്തിക്കാന്‍ 15,000 രൂപ ഈടാക്കിയതായി ഒരാള്‍ പരാതിപ്പെട്ടു.

Loading...