ഇറാന്‍ വിഷയത്തില്‍ അമേരിക്ക വീണ്ടും നിലപാട് മാറ്റി. ഇറാന്‍ ഭീഷണി അവസാനിച്ചെന്ന് കഴിഞ്ഞാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചതിന് പിന്നാലെ പുതിയ പട്ടാള വ്യൂഹത്തെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചു. അമേരിക്കന്‍ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിക്കുമെന്ന് വ്യക്തമായ വിവരം ലഭിച്ചുവെന്നാണ് പുതിയ സൈനിക വിന്യാസത്തിന് കാരണമായി ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ അറിയിച്ചത്.

ഇതോടെ ഇറാന്‍-അമേരിക്ക യുദ്ധത്തിന് കളമൊരുങ്ങുകയാണോ എന്ന ആശങ്ക വീണ്ടും ഉടലെടുത്തു. പശ്ചിമേഷ്യയില്‍ 60000ത്തോളം അമേരിക്കന്‍ സൈനികര്‍ നിവലിലുണ്ട്. അതിന് പുറമെയാണ് പുതിയ സേനാ വിന്യാസം. വന്‍തോതിലുള്ള ആയുധ കൂമ്പാരങ്ങളുമായിട്ടാണ് അമേരിക്കന്‍ സൈന്യം എത്തുന്നത്. വിവരങ്ങള്‍ ഇങ്ങനെ…..

അമേരിക്കന്‍ സൈനികര്‍, ആളില്ലാ വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയാണ് പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1500 സൈനികരാണ് ആദ്യഘട്ടത്തില്‍ പുറപ്പെടുകയെന്ന് പ്രതിരോധ ആക്ടിങ് സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.

മിസൈലുകള്‍ നശിപ്പിക്കാന്‍ സാധിക്കുന്ന ആയുധങ്ങള്‍, രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍, സൈനികര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയാണ് സൈനികര്‍ക്കൊപ്പം അയക്കുന്നത്. ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണ സാധ്യതയുണ്ടെന്ന് പുതിയ വിവരം ലഭിച്ചുവെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

പശ്ചിമേഷ്യയില്‍ നിലവില്‍ ഒട്ടേറെ അമേരിക്കന്‍ സൈനികരുണ്ട്. വിവിധ രാജ്യങ്ങളിലായി ഇവര്‍ നിലയുറപ്പിച്ചിരിക്കുന്നു. അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സൈനികരെ ക്യാംപ് ചെയ്യിപ്പിക്കുന്നത് എന്നാണ് അമേരിക്കന്‍ വാദം.
തിടുക്കത്തില്‍ പുനരാരംഭിച്ചു

അമേരിക്കന്‍ സൈനികര്‍ക്കെതിരെയോ കാര്യാലയങ്ങള്‍ക്ക് നേരെയോ സഖ്യകക്ഷികള്‍ക്കെതിരെയോ ആക്രമണ സാധ്യതയുണ്ട് എന്നാണ് ലഭിച്ചിരിക്കുന്ന രഹസ്യ വിവരമെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മാറ്റിവെച്ച സൈനിക വിന്യാസം വീണ്ടും തിടുക്കത്തില്‍ പുനരാരംഭിച്ചത്.

ഇറാന്‍ നേരിട്ട് ആക്രമിക്കുമെന്ന് മാത്രമല്ല അമേരിക്ക കരുതുന്നത്. ഒരു പക്ഷേ ഇറാന്റെ പിന്തുണയോടെ മറ്റേതെങ്കിലും സംഘം ആക്രമണം നടത്താനാണ് സാധ്യത. രണ്ടു സാഹചര്യങ്ങളും തങ്ങള്‍ മുന്‍കൂട്ടി കാണുന്നുവെന്ന് വൈസ് അഡ്മിറല്‍ മൈക്കല്‍ ഗില്‍ഡെ പറയുന്നു.

ഒന്നിലധികം തവണ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് രഹസ്യവിവരം ലഭിച്ചുവെന്നാണ് മൈക്കല്‍ ഗില്‍ഡെ പറയുന്നത്. എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് വിശദീകരിക്കില്ല. തങ്ങളുടെ സൈനികരെ ഭയപ്പെടുത്താനാണ് ഇറാന്റെ ശ്രമമെന്ന് കരുതുന്നുവെന്നും മൈക്കല്‍ ഗില്‍ഡെ പറഞ്ഞു.

അടുത്തിടെ പശ്ചിമേഷ്യയില്‍ നടന്ന ചില ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്ക കരുതുന്നത്. ഫുജൈറ തീരത്തുണ്ടായ ആക്രമണം, സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം, ഇറാഖിലെ എംബസിക്കടുത്തുണ്ടായ റോക്കാറ്റാക്രമണം എല്ലാത്തിനും പിന്നില്‍ ഇറാന്റെ കൈകളുണ്ടെന്ന് സംശയിക്കുന്നുവെന്ന് ഗില്‍ഡെ പറയുന്നു.

പശ്ചിമേഷ്യയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ആദ്യപടിയായിട്ടാണ് ചെറുസംഘം പട്ടാളത്തെ അയക്കുന്നത്- ജപ്പാനിലേക്ക് പുറപ്പെടും മുമ്പ് ട്രംപ് പ്രതികരിച്ചു. വിദഗ്ധ പരിശീലനം നേടിയ സൈനികരാണ് 1500 പേരും. എന്താണ് സംഭവിക്കുക എന്ന കാണാം എന്നും ട്രംപ് പറഞ്ഞു.

നിലവില്‍ അമേരിക്കയുടെ രണ്ട് കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. യുഎസ്എസ് അര്‍ലിങ്ടണ്‍, യുഎസ്എസ് അബ്രഹാം ലിങ്കണ്‍ എന്നീ കപ്പലുകളാണ് എത്തിയത്. കൂടെ മിസൈല്‍ പ്രതിരോധ സംവിധാനവും ഒരുക്കി. വ്യോമസേനയുടെ ബോംബറുകളും സജ്ജമാക്കി.

മിസൈല്‍ പ്രതിരോധ സംവിധാനം അഞ്ച് രാജ്യങ്ങളില്‍ അമേരിക്ക ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ബഹ്‌റൈന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ മിസൈല്‍ നശിപ്പിക്കാന്‍ കഴിയുന്ന സംവിധാനമുള്ളത്. പുതിയ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളിലും അമേരിക്ക ഇത് സ്ഥാപിച്ചേക്കും.

1.20 ലക്ഷം അമേരിക്കന്‍ സൈനികരെ ഇറാന്‍ അതിര്‍ത്തി മേഖലയിലേക്ക് അയക്കാന്‍ അമേരിക്ക രഹസ്യമായി തീരുമാനിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തിയിരിക്കെയാണ് അമേരിക്കന്‍ സൈനികര്‍ കൂടുതലായി ഇറാന്‍ അതിര്‍ത്തിയിലേക്ക് വരുന്നത്.

അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ നിര്‍ദേശ പ്രകാരമാണ് സൈന്യം പുറപ്പെടാന്‍ ഒരുങ്ങുന്ന പദ്ധതി തയ്യാറാക്കിയത്. ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷനഹാന്‍ ആണ് പദ്ധതി തയ്യാറാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. വൈറ്റ് ഹൗസിലെ ഉന്നതര്‍ക്ക് മുമ്പില്‍ പദ്ധതി അവതരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇത്രയും അധികം സൈനികരെ അയക്കുന്നത് ഇറാനെതിരായ ആക്രമണത്തിന് തന്നെയാണ് എന്നു കരുതുന്ന നിരീക്ഷകരുമുണ്ട്. എന്നാല്‍ ഇറാനെതിരെ കരയുദ്ധമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇറാഖ് അധിനിവേശത്തിന് പുറപ്പെട്ട അത്രയും സൈനികരാണ് വരുന്നത്. മേഖലയുടെ സ്വസ്ഥത നഷ്ടമായേക്കാമന്ന സൂചനയാണ് വരുന്നത്.

ഇസ്രായേല്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അമേരിക്ക പട നയിക്കുന്നത്. ഗള്‍ഫിലെ അമേരിക്കന്‍ സഖ്യകക്ഷികളെ ഇറാന്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചുവത്രെ. ഇറാന്‍ പ്രകോപനമുണ്ടാക്കിയാല്‍ അവരെ ശരിക്കും പഠിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് പറഞ്ഞു.

അതേസമയം, ഫുജൈറ തീരത്തെ ആക്രമണത്തെ അപലപിച്ച് ഇറാന്‍ രംഗത്തുവന്നിരുന്നു. ഖേദകരമായ സംഭവമാണ് നടന്നത് എന്നാണ് ഇറാന്‍ പ്രതികരിച്ചത്. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് സംഭവത്തിന് പിന്നില്‍ ഇറാന്‍ ആണെന്നാണ്. ഇറാനോ അവര്‍ നിര്‍ദേശിച്ച സംഘമോ ആണ് ആക്രമണം നടത്തിയത് എന്നാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങളാണ് നിലവിലെ സാഹചര്യത്തിലേക്ക് എത്തിച്ചത്. 2015ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയ്യെടുത്ത് ആറ് വന്‍ശക്തി രാജ്യങ്ങള്‍ ഇറാനുമായി ഒപ്പുവച്ച ആണവ കരാര്‍ ട്രംപ് റദ്ദാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തു. ഇറാന്‍ സൈന്യത്തെ മൊത്തം ഭീകരരായി പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയും വിവാദമായി.

Loading...