വാഷിങ്ടണ്‍: അമേരിക്കയിലെ വൻ സൈനിക സംഘത്തെ ഗള്‍ഫ്-അറബ് മേഖലയിലേക്ക് അയക്കുന്നു. 14000 സൈനികരാണ് പശ്ചിമേഷ്യയിലേക്ക് വരുന്നത്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇറാനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നീക്കം. നേരത്തെ ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലുണ്ട്. ഇതിന് പുറമെയാണ് വന്‍ സൈനിക സംഘത്തെ അയക്കുന്നത്.

ഇത്രയും സൈനികര്‍ പശ്ചിമേഷ്യയിലെത്തുന്നത് അറബ് ലോകം വന്‍ ആശങ്കയോടെയാണ് കാണുന്നത്. യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ എണ്ണയ്ക്ക് വില കൂടാന്‍ സാധ്യതയുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഇത് ബാധിക്കും. വിശദാംശങ്ങള്‍ ഇങ്ങനെ…

പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. 12 യുദ്ധക്കപ്പലുകള്‍ ഗള്‍ഫിലേക്ക് അയക്കും. കൂടാതെ വെടിക്കോപ്പുകളും യുദ്ധവിമാനങ്ങളുമുണ്ടാകും. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും എത്തിക്കും. 14000 സൈനികര്‍ക്കൊപ്പം വന്‍ ആയുധങ്ങളും പശ്ചിമേഷ്യയിലെത്തുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ പശ്ചിമേഷ്യയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് തീരുമാനിച്ചതിന്റെ ഇരട്ടി സൈനികരെയാണ് ഇപ്പോള്‍ അയക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനെ നടത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെ നേരിടാന്‍ എന്ന പേരിലാണ് 14000 സൈനികരെ ട്രംപ് പശ്ചിമേഷ്യയിലേക്ക് അയക്കുന്നത്. ഇതില്‍ വലിയൊരു ഭാഗം ഗള്‍ഫ് രാജ്യങ്ങളിലെ ക്യാംപിലേക്കെത്തും. കൂടാതെ മറ്റു അറബ് രാജ്യങ്ങളിലും വിന്യസിക്കും. അടുത്ത വര്‍ഷം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ തീരുമാനങ്ങള്‍.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്രവലതു പക്ഷത്തെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ നീക്കമെന്ന് സൂചനയുണ്ട്. അതേസമയം സൈനികരെ വിദേശത്തേക്ക് യുദ്ധത്തിന് അയക്കുന്നതിനെതിരെ അമേരിക്കയില്‍ പ്രതിേേഷധവും ശക്തമാണ്. പക്ഷേ, ശത്രുവിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി വോട്ട് പിടിക്കുകയാണ് ട്രംപ്.

ഇസ്രായേല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ അയക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ പശ്ചിമേഷ്യയിലെ സഖ്യകക്ഷികളെയും തല്‍പ്പര കേന്ദ്രങ്ങളെയും സംരക്ഷിക്കുക എന്ന പേരിലാണ് സൈനിക വിന്യാസം. ഈ കേന്ദ്രങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ഭീഷണിയുണ്ടെന്നും പറയപ്പെടുന്നു.

അടുത്തിടെ ഗള്‍ഫ് മേഖലയില്‍ നടന്ന അനിഷ്ട സംഭവങ്ങളാണ് അമേരിക്കന്‍ ഭരണകൂടം സൈനിക വിന്യാസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും കുറ്റപ്പെടുത്തുന്നു. ഇനിയും ഇറാന്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം.

സൗദിയിലും യുഎഇയിലും അമേരിക്കന്‍ സൈനികരെ കൂടുതല്‍ വിന്യസിക്കാന്‍ കഴിഞ്ഞ സപ്തംബറില്‍ ട്രംപ് തീരുമാനിച്ചിരുന്നു. സൗദിയുടെയും യുഎഇയുടെയും ആവശ്യം പരിഗണിച്ചാണിത്. സൗദിയിലെ അരാംകോ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതും അടുത്തിടെ ഗള്‍ഫിലുണ്ടായ ദുരൂഹ ആക്രമങ്ങളും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ തീരുമാനം എടുത്തത്.

ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യം നേരത്തെ നിലവിലുണ്ട്. അതിന് പുറമെ മെഡിറ്ററേനിയന്‍ കടലിലേക്ക് അമേരിക്കന്‍ സൈന്യത്തിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ അടുത്തിടെ അയച്ചിരുന്നു. അതിന് പുറമെയാണ് സൗദിയിലേക്കും യുഎഇയിലേക്കും സൈന്യത്തെ അയക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ 14000 സൈനികര്‍ എത്തുമെന്നാണ് പുതിയ വിവരം. ബ്രി്ട്ടന്റെ യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ഗള്‍ഫ് മേഖലയില്‍ ദുരൂഹമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. യുഎഇയിലെ ഫുജൈറയില്‍ സൗദിയുടെ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ ഇറാഖിലെ അമേരിക്കന്‍ എംബസിക്കടുത്തും ആക്രമണമുണ്ടായി. സപ്തംബറില്‍ അരാംകോ കേന്ദ്രത്തിലും ആക്രമണം നടന്നു.

ഗള്‍ഫില്‍ നടക്കുന്ന എല്ലാ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാനാണെന്ന് അമേരിക്കയും സൗദിയും ആരോപിക്കുന്നു. അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദി സൈന്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സൗദിയുടെയും യുഎഇയുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് സൈന്യത്തെ അയക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു.

കഴിഞ്ഞ ജൂണില്‍ ഇറാനെതിരായ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് നീക്കം നടത്തിയിരുന്നു. അമേരിക്കയുടെ ചാരവിമാനം ഇറാന്‍ സൈന്യം വെടിവച്ചിട്ടതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച നിമിഷത്തിന് തൊട്ടുമുമ്പ് തീരുമാനം ട്രംപ് മാറ്റുകയായിരുന്നു. ഒട്ടേറെ അപ്രതീക്ഷിത ദുരന്തങ്ങളുണ്ടാകുമെന്ന് കണ്ടാണ് പിന്‍മാറ്റം എന്നായിരുന്നു വിശദീകരണം.

Loading...