ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സ്വദേശിയെ അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത് അമേരിക്കക്കാരായ രണ്ടുപേരുടെ നിരന്തര സമ്മര്‍ദ്ദമെന്ന് കണ്ടെത്തല്‍. ആന്‍മാന്‍ ആന്റ് നിക്കോബാര്‍ ദ്വീപ് പോലീസ് തലവന്‍ ദീപേന്ദ്രപഥക് ആണ് പുതിയ വിവരം പുറത്തുവിട്ടത്.

മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജോണ്‍ അലന്‍ ചൗവിനെ കഴിഞ്ഞയാഴ്ച്ചയാണ് സെന്റിനല്‍ ദ്വീപ് വാസികള്‍ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ പോലും ഇനിയും കഴിഞ്ഞിട്ടില്ല. ജോണിന് വന്ന ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ട് അമേരിക്കക്കാര്‍ സെന്റിനല്‍സിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിരുന്നതായി കണ്ടെത്തിയത്. ഇവര്‍ ദമ്പതികളാണെന്ന് മാത്രമാണ് പോലീസ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഇവരും ഇവാഞ്ചലിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ജോണിന്റെ മരണവുമായി ഇവര്‍ക്ക് മറ്റേതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഏത് ഇവാഞ്ചലിക്കല്‍ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

അതേസമയം, സെന്റിനല്‍സ് ദ്വീപ് നിവാസികള്‍ അക്രമികളാണെന്നും വളരെയധികം കുഴപ്പം പിടിച്ചവരാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ദ്വീപ് വാസികളോടൊപ്പം കഴിഞ്ഞ ദിവസങ്ങളുടെ അനുഭവം പങ്കുവച്ച് നരവംശ ശാസ്ത്രജ്ഞയും ഗവേഷകയുമായ മധുമാല ചതോപാധ്യ രംഗത്തെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായേക്കും. ദ്വീപിലെ മനുഷ്യത്വം തുളുമ്പുന്ന ജീവിതത്തെക്കുറിച്ചാണ് മധുമാല പറഞ്ഞിരിക്കുന്നത്.

പോലീസ് ദ്വീപില്‍ പ്രവേശിക്കുന്നതും ഗോത്രവര്‍ഗക്കാരുമായി ഇടപെടാന്‍ ശ്രമിക്കുന്നതും ഇരുകൂട്ടര്‍ക്കും അപകടകരമാണെന്ന തിരിച്ചറിവിലാണ് ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം കഴിഞ്ഞദിവസം പോലീസ് ഉപേക്ഷിച്ചത്.

Loading...