കിളിമാനൂർ: കീഴ്പേരൂർ തിരുപാൽക്കടൽക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ കൃഷി ആവശ്യത്തിനായി മണ്ണിളക്കുന്നതിനിടെ പുരാതന നാണയങ്ങളടങ്ങിയ കുടം ലഭിച്ചു. നാണയം പുരാവസ്തു വകുപ്പിനു കൈമാറി.

തിരുവിതാംകൂറിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിതെന്ന് പുരാവസ്തു വകുപ്പ് ആർട്ടിസ്റ്റ് സൂപ്രണ്ട് ആർ.രാജേഷ് കുമാർ പറഞ്ഞു. നഗരൂർ പഞ്ചായത്ത് മുൻ അംഗവും വെള്ളല്ലൂർ രാജേഷ് ഭവനിൽ ബി.രത്നാകരൻ പിള്ളയുടെ പുരയിടത്തിൽനിന്നാണ്‌ ചൊവ്വാഴ്ച രാവിലെ മണ്ണിളക്കുന്നതിനിടയിൽ തൊഴിലാളികൾ കുടം കണ്ടെത്തിയത്. രത്നാകരൻപിള്ള വിവരം കിളിമാനൂർ പോലീസിലും പുരാവസ്തു വകുപ്പിലും അറിയിച്ചു.

20.4 കിലോഗ്രാം തൂക്കം വരുന്ന 2600 നാണയങ്ങൾ കുടത്തിലുണ്ടായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാരായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ, റീജന്റ് മഹാറാണി സേതുലക്ഷ്മിഭായി, ചിത്തിര തിരുനാൾ ബാലരാമവർമ്മ എന്നിവരുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 1885 മുതലുള്ള നാല് കാശ്, എട്ട് കാശ്, ഒരു ചക്രം എന്നിങ്ങനെയുള്ളതാണ് കണ്ടെത്തിയതിൽ വ്യക്തമായി അറിയാൻ കഴിയുന്ന നാണയങ്ങൾ.

നാണയത്തിലെ ക്ലാവ് നീക്കം ചെയ്താൽ മാത്രമേ പഴക്കം, മൂല്യം എന്നിവയെന്ന സംബന്ധിച്ച് കൂടുതൽ വ്യക്തമാവുകയുള്ളുവെന്ന് പുരാവസ്തു വകുപ്പ് റിസർച്ച് അസിസ്റ്റൻറ് ആതിര പിള്ള പറഞ്ഞു. കുടം ലഭിച്ച ഭൂമിയുടെ ഉടമ ബി.രത്നാകര പിള്ളയ്ക്ക് 2018ലെ കേരള ലോട്ടറിയുടെ ക്രിസ്‌മസ്‌ – ന്യൂ ഇയർ ബംബർ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ ആറു കോടി ലഭിച്ചിട്ടുണ്ട്. നിധിശേഖരത്തിന്‍റെ മൂല്യം കണക്കാക്കി നിശ്ചിത തുക രത്നാകര പിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

Loading...