കാഞ്ഞങ്ങാട്‌:അഞ്‌ജന കെ.ഹരീഷ്‌(21) ന്റെ മരണം കൊലപാതകമെന്നു സൂചന`. ഗോവയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കാഞ്ഞങ്ങാട്‌ സ്വദേശിനിയും തലശേരി ബ്രണ്ണന്‍ കോളജ്‌ വിദ്യാര്‍ഥിനിയുമായ അഞ്ജനയെ ലഹരി നല്‍കി അബോധാവസ്‌ഥയിലാക്കിശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാകാമെന്നു ഫോറന്‍സിക്‌ വിദഗ്‌ധര്‍ പറയുന്നു. ഇതുകൂടാതെ പെൺകുട്ടി നിരന്തരം ലൈംഗികമായി ഉപയോഗിക്കെപ്പട്ടതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌ ഡിവൈ.എസ്‌.പി: പി.കെ. സുധാകരന്‍ പുതുക്കൈയിലെ വാടക വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു.

ഗോവയിലെ താമസസ്‌ഥലത്തിനു സമീപത്തുനിന്നു പത്തുമീറ്റര്‍ അകലെയാണ്‌ പെണ്‍കുട്ടിയെ കെട്ടിത്തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ആണ്‍സുഹൃത്ത്‌ ശബരി, സുഹൃത്തുക്കളായ നസീമ, ആതിര എന്നിവരടക്കം നാലുപേരും ഒരുമുറിയിലാണ്‌ താമസിച്ചിരുന്നതെന്നാണു സൂചന.
അഞ്‌ജനയെ കാണാതായി മണിക്കൂറുകള്‍ക്കു ശേഷമാണു മൃതദേഹം കണ്ടതെന്നു കൂട്ടുകാര്‍ പറയുന്നു. താമസസ്‌ഥലത്തിനടുത്തുനിന്നു പത്തുമീറ്റര്‍ മാത്രം അകല നടന്ന മരണം കൂടെ താമസിച്ചവര്‍ അറിഞ്ഞില്ലെന്നത്‌ സംശയത്തിന്‌ ഇടയാക്കുന്നു. തൂങ്ങിനില്‍ക്കുന്ന അഞ്‌ജനയെ കാണുമ്പോള്‍ ജീവനുണ്ടായിരുന്നെന്നും തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചെന്നുമാണു കൂട്ടുകാരുടെ മൊഴി. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്‌ജന മരിച്ചിരുന്നു. കഴുത്തില്‍ കെട്ടിയിരുന്ന ലുങ്കി ഇവര്‍ ഹാജരാക്കിയിരുന്നുമില്ല. കഴുത്തിനു ചുറ്റും കാല്‍മുട്ടിലും ചുണ്ടിലും പോറലുകളുണ്ട്‌.
മരിക്കുന്നതിനു തലേന്നു കൂട്ടുകാരിയുടെ ഫോണില്‍നിന്നാണ്‌ അഞ്‌ജന വീട്ടുകാരെ വിളിച്ചത്‌. തനിക്കു തെറ്റുപറ്റിയെന്നും കൂട്ടുകാര്‍ ശരിയില്ലെന്നും വീട്ടുകാരോടൊത്ത്‌ താമസിക്കാന്‍ ആഗ്രഹിക്കുന്നെന്നും അഞ്‌ജന അമ്മയോട്‌ പറഞ്ഞിരുന്നു.

ലോക്ക്‌ഡൗണിനു ശേഷം നാട്ടിലെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടി പിന്നീട്‌ ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നു മാനസികാരോഗ്യവിദഗ്‌ധരും പറയുന്നു. മരണശേഷം കുറ്റം വീട്ടുകാരുടെ മേല്‍ ചാര്‍ത്താനുള്ള ശ്രമവും നടന്നിരുന്നു. ആത്മഹത്യാപ്രവണതയുള്ള കുട്ടിയാണെന്നും ലഹരിക്കടിമയാണൈന്നും പ്രചാരണം നടന്നു.

Loading...