പ്രസവശസ്ത്രക്രിയയെ തുടര്‍ന്നു നെടുംങ്കണ്ടം സ്വകാര്യ ആശുപത്രിയില്‍ യുവതി മരിച്ചു. തോപ്രാംകൂടി പുഷ്പ്പഗിരി പൂവത്തിങ്കല്‍ സുധീഷിന്റെ ഭാര്യ അനുജ (23) യാണു മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് മരണകാരണം എന്നാരോപിച്ചു ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു.

ബുധനാഴ്ചയായിരുന്നു അനുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം അഞ്ചോടെ ശസ്ത്രക്രിയയ്ക്കു കയറ്റി. 5.15 ഓടെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി പെണ്‍കുഞ്ഞിനെ ബന്ധുക്കളെ കാണിച്ചിരുന്നു. ഇതിനു പിന്നാലെ അനുജയ്ക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് ശക്തമായ പിടലിവേദനയും നെഞ്ചുവേദനയും അനുഭവപ്പെട്ടു. വയറുവേദനയും ഉണ്ടായിരുന്നു. ഛര്‍ദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നു വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാല്‍ കുറച്ചു വേദനയുണ്ടാകും എന്നും ഇതെല്ലാം സ്വഭാവികമാണ് എന്നുമായിരുന്നു നഴ്‌സുമാരുടെ പ്രതികരണം. ഈ സമയം ഡോക്ടര്‍മാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നും പറയുന്നു. നഴ്‌സുമാരുടെ പരിചരണവും ലഭിച്ചില്ല എന്നു ബന്ധുക്കള്‍ ആരോപിച്ചു. രാത്രി 11 മണിയോടെ ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തി അനുജയ്ക്ക് ഇഞ്ചക്ഷന്‍ നല്‍കി.

എന്നാല്‍ ഇതിനു ശേഷം സ്ഥിതി ഗുരുതരമാകുകയായിരുന്നു. 12 മണിയോടെ നെടുംങ്കണ്ടത്തെ വിവിധ ഗൈനക്കോളജിസ്റ്റുകളെ ആശുപത്രിയില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് അനുജയുടെ അവസ്ഥ ഗുരുതരമാണ് എന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. യുവതിയുടെ അവസ്ഥമോശമായിട്ടും അധികൃതര്‍ വേണ്ട പരിചരണം നല്‍കുകയോ മറ്റൊരു ആശുപത്രിയിലേയ്ക്കു മറ്റാന്‍ തയാറാകുകയോ ചെയ്തിട്ടില്ല എന്നു ബന്ധുക്കള്‍ പറയുന്നു.

ആശുപത്രിയില്‍ നിന്നും എല്ലാവരെയും മാറ്റിയ ശേഷമായിരുന്നു അനുജയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചത് എന്നു പറയുന്നു. ഇതേ തുടര്‍ന്നു ഇവര്‍ ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്നു പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കുകയായിരുന്നു.

അനുജയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കേളേജിലേയ്ക്കു മാറ്റി. ടാക്‌സി ഡ്രൈവറായ സുധീഷ് ആണു അനുജയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് അഞ്ചുവയസുള്ള ഒരു മകനുണ്ട്. തയ്യല്‍ ജോലിക്കാരിയായിരുന്നു മരിച്ച അനുജ. കുഞ്ഞിനെ മറ്റൊരാശുപത്രിയിലെ ഇന്‍കുബേറ്റിലേയ്ക്കു മാറ്റി.

Loading...