കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനവുമായി എ.പി അബ്ദുള്ളക്കുട്ടി. ഇന്ദിരാഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്ന് വിളിച്ചവരാണ് തനിക്കെതിരെ മുഖപ്രസംഗമെഴുതിയതെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു. വി.എം സുധീരന്റെ ആദര്‍ശം വെറും കാപട്യമാണെന്ന് ആരോപിച്ച അബ്ദുള്ളക്കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വരികള്‍ക്കിടയിലൂടെയാണ് വായിക്കേണ്ടതെന്നും വ്യക്തമാക്കി.

താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്ന പോസ്റ്റ് മാത്രമാണ് താന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടത്. ബി.ജെ.പിയില്‍ പോകുന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. തനിക്ക് ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണ നോട്ടീസ് തരും എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ വീക്ഷണം പത്രം ഇന്ന് വിധി പ്രസ്താവം നടത്തിയിരിക്കുകയാണ്. തന്നോട് വിശദീകരണം ചോദിക്കാന്‍ പോലും ആരും തയ്യാറായില്ല. ഇന്ദിരാ ഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്ന് പറഞ്ഞ പാര്‍ട്ടി വിട്ട് അപ്പുറം പോയി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ നുണഞ്ഞവരാണ് ഇപ്പോള്‍ തനിക്കെതിരെ എഡിറ്റോറിയല്‍ എഴുതിയത്.

ഇത് ജനാധിപത്യ മര്യാദയില്ലായ്മയാണ്. വി.എം സുധീരന്‍ പത്ത് വര്‍ഷമായി വ്യക്തിവിരോധം തീര്‍ക്കുകയാണ്. നാലുവരി പാത വികസനവുമായി ബന്ധപ്പെട്ടാണ് വി.എം സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്. വി.എം സുധീരന് ഒരു ആദര്‍ശവുമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയ ആളാണ്‌ വി.എം സുധീരന്‍. രാവിലെ ഒരു ബക്കറ്റ് വെള്ളത്തില്‍ തലമുക്കി കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് സുധീരന്‍. ആ കാപട്യം ഈ നാട്ടിലെ ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് കരുതരുത്.

തന്റെ പോസ്റ്റുകള്‍ വരികള്‍ക്കിടയില്‍ വായിക്കണം. തന്റെ പോസ്റ്റില്‍ മോദിയെക്കാളേറെ പുകഴ്ത്തിയത് ഗാന്ധിയെയാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചിട്ട് വി.എം സുധീരനൊക്കെ കോണ്‍ഗ്രസില്‍ തുടരുന്നതിനാല്‍ താനും കോണ്‍ഗ്രസില്‍ തുടരും. പിണറായി വിജയന്റെ വികസനത്തെയും അഭിനന്ദിച്ചിട്ടുണ്ട്. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് താന്‍ അവതരിപ്പിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ ആണോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രനോട് പോയി ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Loading...