തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവിൽ തൊഴുവൻകോടിനു സമീപം ബ്യൂട്ടീഷൻ അർച്ചനാ വധക്കേസിൽ ഭർത്താവ് ടിവി സീരിയൽ അസോഷ്യേറ്റ് ഡയറക്ടർ ദേവൻ കെ. പണിക്കറിന് (ദേവദാസ് – 40) ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിരുന്ന അർച്ചന എന്ന സുഷുമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2009 ഡിസംബർ 31നാണു തൊഴുവൻകോട്ടുള്ള വാടകവീട്ടിൽ നിന്ന് അർച്ചനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടി, തലയിൽ മാരകമായ മുറിവുകളോടെ, ചീഞ്ഞഴുകിയ നിലയിലാണു മൃതദേഹം കാണപ്പെട്ടത്. കൊലപാതക വിവരം പുറത്തറിയുന്നതിനു മുൻപു തന്നെ തൃശൂരിലുള്ള സ്വന്തം വീട്ടിലെത്തി ബന്ധുക്കളിൽ നിന്നു പണവും വാങ്ങി സ്ഥലംവിട്ട ഇയാൾ പിന്നീടു തമിഴ്നാട്, ബാംഗ്ലൂർ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. സീരിയൽ രംഗത്തെ സുഹൃത്തിനെ കണ്ടെത്തി ഇയാളെക്കൊണ്ടു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യിച്ചു രഹസ്യകേന്ദ്രത്തിൽ വിളിച്ചുവരുത്തിയാണ് ദേവൻ കെ. പണിക്കരെ പൊലീസ് പിടികൂടിയത്.

പൊലീസ് വിശദീകരണം ഇങ്ങനെ: അർച്ചനയും ദേവദാസും വേർപിരിയാൻ തീരുമാനിച്ചിരുന്നു. ഇതിനായി കുടുംബ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പിന്നീട് അർച്ചനയുടെ ഭാഗത്തുനിന്നുള്ള എതിർപ്പുമൂലം ബന്ധം വേർപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഡിസംബർ 28നു രാവിലെ വാടകവീട്ടിൽ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്നു ദേവദാസ് അർച്ചനയെ കൊലപ്പെടുത്തുകയുമായിരുന്നു.

Loading...