രാജീവ്‌ ഗാന്ധിയെയും മറ്റു 14 പേരെയും കൊല്ലാന്‍ ഉപയോഗിച്ച ബെല്‍റ്റ്‌ ബോംബ്‌ തയാറാക്കാന്‍ ഒന്‍പത്‌ വോള്‍ട്ട്‌ ബാറ്ററി സംഘടിപ്പിച്ചു കൊടുത്തതാണു പേരറിവാളന്‍ എന്ന അറിവിന്റെ പേരിലുള്ള കുറ്റം. 1991 മേയ്‌ 21 നായിരുന്നു തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ചു മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌. ചാവേറായിരുന്ന ധനു ഉള്‍പ്പെടെയുള്ളവരും കൊല്ലപ്പെട്ടു. പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാളിന്റെ ഒറ്റയാള്‍ പോരാട്ടമാണ്‌ രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കെല്ലാം പുറം ലോകം കാണാന്‍ വഴിയൊരുക്കിയത്‌.

രാജീവ്‌ ഗാന്ധിയുടെ വിധവയും യു.പി.എ. അധ്യക്ഷയുമായ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചിട്ടും വഴങ്ങാതെനിന്ന സര്‍ക്കാരുകളായിരുന്നു അവരുടെ പ്രധാന തടസം. ചോദ്യം ചെയ്യാനെന്ന പേരിലാണ്‌ തന്റെ മകനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. തെളിയാത്ത പല കുറ്റങ്ങളും അവന്റെ പേരില്‍ കെട്ടിവെച്ചു. മകന്റെ നഷ്‌ടമായ ജീവിതം ഇനി ഒരിക്കലും തിരിച്ചുവരില്ല. ബാക്കിയുള്ള കാലമെങ്കിലും കുടുംബത്തോടൊപ്പം കഴിയാന്‍ അനുവദിക്കണം- ആനന്ദക്കണ്ണീര്‍ മറച്ചു വയ്‌ക്കാതെ അര്‍പ്പുതമ്മാള്‍ തുടര്‍ന്നു.

ന്യായം തങ്ങളുടെ ഭാഗത്താണു തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കറിയാം. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അര്‍പുതമ്മാള്‍ പറഞ്ഞിരുന്നു. കേസിലെ പ്രതിയായ നളിനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ഏപ്രിലില്‍ കോടതി തള്ളിയിരുന്നു. രാജീവ്‌ ഗാന്ധിയെ വധത്തിനു പിന്നിലുള്ള സംഘത്തിന്‌ ബോംബ്‌ നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ്‌ പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം. തനിക്ക്‌ സംഘത്തിന്റെ ലക്ഷ്യം അറിയില്ലായിരുന്നുവെന്നും പ്രതിപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്‌ പേരറിവാളന്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ്‌ പേരറിവാളന്റെ വധശിക്ഷ ജീവപര്യന്തമാക്കിയത്‌. 2014 ല്‍ ചേര്‍ന്ന സുപ്രീം കോടതി ബെഞ്ചാണ്‌ ശിക്ഷയില്‍ ഇളവ്‌ വരുത്തിയത്‌.

കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, ജയകുമാര്‍, റോബര്‍ട്ട്‌ പയസ്‌, പി. രവിചന്ദ്രന്‍, നളിനി എന്നിവരുടെ ശിക്ഷയാണ്‌ ഇളവുചെയ്‌തത്‌. 41 പ്രതികളില്‍ 26 പേര്‍ക്കും പ്രത്യേക ടാഡ കോടതി 1998 ല്‍ വധശിക്ഷ വിധിച്ചിരുന്നു. ഇതില്‍ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി, 1999 മേയില്‍ 19 പേരെ വിട്ടയച്ചു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ അനിശ്‌ചിതമായി വൈകിയതിന്റെ പേരില്‍ 2014 ഫെബ്രുവരി 18 നു സുപ്രീംകോടതി ഇതു ജീവപര്യന്തമായി കുറച്ചു.

രാജീവ്‌ വധക്കേസിലെ ഏഴു പ്രതികളെ വിട്ടയയ്‌ക്കുന്നതില്‍ സമ്മതം അറിയിച്ചു തമിഴ്‌നാട്‌ സര്‍ക്കാര്‍ 2016 ല്‍ നല്‍കിയ കത്തില്‍ നിലപാടു വ്യക്‌തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ വിട്ടയയ്‌ക്കാന്‍ തമിഴ്‌നാട്‌ നേരത്തേ തീരുമാനിച്ചിരുന്നു. 2015 ലെ സുപ്രീംകോടതി ഉത്തരവു പ്രകാരം ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്‌. ഇത്‌ കേന്ദ്രം നിഷേധിച്ചു. ക്രിമിനല്‍ നടപടിക്രമത്തിന്റെ 454-ാം വകുപ്പു പ്രകാരം തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കിയിരുന്നു.

Loading...