മലയാള സിനിമ ഇതുവരെ നേരിടാത്ത വിവാദങ്ങളും പ്രതിസന്ധികളും നേരിട്ടാണ് അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം രാമലീല തീയറ്ററുകളിലെത്തിയത്. ദിലീപ് ജയിലിലായതോടെ റിലീസ് മാറ്റി മാറ്റി വെച്ച ചിത്രം പക്ഷേ തീയറ്ററുകളിലെത്തിയപ്പോള്‍ ചരിത്ര വിജയമായി. എങ്കിലും തുടക്കം മുതല്‍ ചിത്രത്തിനെതിരെ നിന്ന പലരും വിജയം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. 13 കോടി മുതല്‍ മുടക്കിലെത്തിയ ചിത്രം 50 കോടി ക്ലബിലും  ഇടംനേടി. തീയറ്ററുകളില്‍ വിജയം പ്രദര്‍ശനം തുടരുന്ന ചിത്രത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. ചിത്രത്തിന്റെ വ്യാജന്‍ ഇറക്കിയാണ് ഇപ്പോള്‍ ആക്രമണം. നിരവധി തവണയാണ് വ്യാജന്‍ അപ്‌ലോഡ് ചെയ്തത്. ചിത്രത്തെ മനപ്പൂര്‍വ്വം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ അരുണ്‍ ഗോപി രംഗത്തെത്തി.

‘ഏതൊക്കെ തരത്തിലാ നമ്മളെ ദ്രോഹിക്കുന്നത്. ഇന്റര്‍നെറ്റില്‍ രാമലീലയുടെ വ്യാജന്‍ അപ്‌ലോഡ് ചെയ്ത് തകര്‍ക്കുകയാണ് പലരും. നമ്മുടെ പൈറസി ടീം റിമൂവ് ചെയ്ത് തളര്‍ന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്രയേറെ വ്യാജന്‍ അപ്‌ലോഡ് ചെയ്ത ചിത്രമുണ്ടാകില്ല. കാരണം നമ്മുക്ക് മനസ്സിലാക്കാം. കഴിയുമെങ്കില്‍ ഈ ക്രൂരത ഒന്നവസാനിപ്പിക്കുക. സ്വന്തം മകന്‍ രാമലീല അപ്‌ലോഡ് ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ കരഞ്ഞു നിലവിളിച്ച ഒരു അമ്മയുടെ നിലവിളി മനസ്സില്‍ കിടന്ന് വിഷമിപ്പിക്കുന്നു. ദയവു ചെയ്ത് ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക, അപേക്ഷയാണ്’ എന്ന് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


 

 
Loading...