ഡിസംബർ 8 പുലര്‍ച്ചെ, കാട്ടാക്കട തൂങ്ങാംപാറ കാട്ടുവിള അരുൺ ഭവനിൽ തങ്കയ്യന്റെ മകൻ  പെയിന്റിംഗ് തൊഴിലാളിയായ അരുണ്‍ എന്ന ഇരുപത്തിരണ്ടുകാരനെ കാഞ്ഞിരംപാറയിലുള്ള കാമുകിയുടെ വീടിന്റെ മൂന്നാം നിലയിലെ ഗോവണിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് അന്നാണ്.സംഭവം നടന്നു ഒരു മാസം പിന്നിടുമ്പോഴും അരുണിന്റെ മരണത്തിനു പിന്നിലെ ദുരൂഹത ഒഴിയുന്നില്ല.

അരുണിന്റെ മരണം ആത്മഹത്യ ആണോ കൊല ആണോ എന്ന് ഇത് വരെ പോലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുമില്ല. മകന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ചു അരുണിന്റെ അച്ഛന്‍ തങ്കപ്പന്‍  സിറ്റിപൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത് ഇതിനെ തുടര്‍ന്നാണ്.

എല്ലാത്തിനും തുടക്കം ഒരു പ്രണയം 

പെയിന്റിംഗ് കരാർ ജോലിക്കാരനായ തങ്കയ്യന്റെയും പുഷ്പലതയുടെയും രണ്ട് മക്കളിൽ ഇളയതാണ് അരുൺ. പ്ളസ് ടു പഠനത്തിനുശേഷം പിതാവിനൊപ്പം പെയിന്റിംഗ് ജോലികൾക്ക് ഇറങ്ങിതിരിച്ച അരുൺ കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്താണ് കാഞ്ഞിരംപാറയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ശശിധരന്റെ വീട്ടിൽ ജോലിക്കെത്തിയത്. വീടിന്റെ മുകൾ നിലയിലെ പെയിന്റിംഗ് ജോലികൾക്കിടെയാണ് അരുൺ അയൽവീട്ടിലെ മൂന്നാം നിലയിൽ ഒരു പ്ലസ്‌ ടുക്കാരിയെ കണ്ടത്.വൈകാതെ ആ പരിചയം പ്രണയമായി.ഫോൺ നമ്പരുകൾ കൈമാറി വിളിയും സന്ദേശങ്ങൾ അയയ്ക്കലും പതിവായി. ഇരുവരുടെയും വീട്ടുകാർ ഇതൊന്നുമറിഞ്ഞിരുന്നില്ല. അവിടത്തെ പണി പൂർത്തിയായി മടങ്ങിയശേഷവും ഇരുവരും പ്രണയം തുടര്‍ന്ന്.അതിനിടെ ഇരുവർക്കും നേരിട്ട് കാണണമെന്ന മോഹമായി. ഏതാനും മാസം മുമ്പ് മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന അവസരത്തിൽ അരുണിനെ പെൺകുട്ടി വീട്ടിലേക്ക് ക്ഷണിച്ചു . അവിടെ എത്തിയ അരുണിനെ മുത്തശ്ശി കാണാതെ പെൺകുട്ടി വീട്ടിനകത്ത് കൊണ്ടുപോയി. നേരം വൈകുംവരെ പെൺകുട്ടിയ്ക്കൊപ്പം കഴിഞ്ഞ അരുൺ മടങ്ങിപോകുന്നതിനിടെ മുത്തശ്ശിയുടെ മുന്നിൽപ്പെട്ടു. പിടിയിലാകാതെ അരുൺ രക്ഷപ്പെട്ടെങ്കിലും വീട്ടുകാർ മോഷ്ടാവാണെന്ന് കരുതി വിവരം പൊലീസിനെ അറിയിച്ചു. വട്ടിയൂർക്കാവ് പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും പൊലീസിന്റെ ചോദ്യങ്ങൾക്കൊന്നും പെൺകുട്ടിയുടെ പ്രണയമോ വീട്ടിലെ അരുണിന്റെ സാന്നിദ്ധ്യമോ തെളിയിക്കാനായില്ല അന്ന് .

വീട്ടിൽ അപരിചിതനെകണ്ട് പെൺകുട്ടിയുടെ മുത്തശ്ശി ബഹളം കൂട്ടിയപ്പോൾ രക്ഷപ്പെട്ട അരുണിന്റെ മൊബൈൽ ഫോൺ പെൺകുട്ടിയുടെ വീട്ടിൽ മറന്നുപോകാനിടയായി. പൊലീസെത്തുംമുമ്പേ ഫോൺ സുരക്ഷിതമായി ഒളിപ്പിച്ച പെൺകുട്ടി അതിൽ നിന്ന് അമ്മയെന്ന പേരിൽ സേവ് ചെയ്തിരുന്ന അരുണിന്റെ മാതാവിന്റെ നമ്പരിൽ ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ വിവരിച്ചു. മകനും പ്ളസ് ടുക്കാരിയുമായുള്ള അടുപ്പം മനസിലാക്കിയ പുഷ്പലത അത് വിലക്കി. എന്നാൽ അരുണിനെ തനിക്ക് ഇഷ്ടമാണെന്നും വിളിക്കാതിരിക്കാൻ കഴിയില്ലെന്നുമായിരുന്നു പെൺകുട്ടിയുടെ നിലപാട്. പഠനത്തിനുശേഷം വീട്ടുകാരുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളെപ്പറ്റി ആലോചിക്കാമെന്ന് പെൺകുട്ടിയ്ക്ക് ഉറപ്പ് നൽകിയ പുഷ്പലത അതുവരെ മകനെ വിളിക്കരുതെന്നും വീട്ടിലേക്ക് ക്ഷണിക്കുന്നത് കർശനമായി വിലക്കിയെന്നും പരാതിയിൽ പറയുന്നു. അരുണിന്റെ ഫോൺ പെൺകുട്ടി പുഷ്പലതയ്ക്ക് കൈമാറി. ഫോണുമായി വീട്ടിലെത്തിയ പുഷ്പലത മകനെ ശകാരിച്ചു.
എന്നാൽ ഇരുവരും വീട്ടുകാരറിയാതെ പ്രണയ ബന്ധം തുടർന്നു. അരുണിന്റെ കൂട്ടുകാർക്കും പെയിന്റിംഗ് ജോലിക്കാരായ സഹപ്രവർത്തകർക്കും പ്രണയത്തെപ്പറ്റി അറിയാമായിരുന്നെങ്കിലും വീട്ടുകാരെ ഭയന്ന് അവരാരും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയില്ല.

അന്ന് സംഭവിച്ചത് എന്താണ് ?

ഡിസംബർ 7ന് ജോലികഴിഞ്ഞ് വീട്ടിലെത്തി അത്താഴത്തിനുശേഷം രാത്രി ഉറങ്ങാൻ കിടന്ന അരുൺ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി തുടര്‍ന്ന് അയൽവീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്ക് എടുത്തുകൊണ്ടുവരട്ടെന്ന് പറഞ്ഞ് രാത്രി പത്തുമണിയോടെ വീട്ടിൽ നിന്ന വേഷത്തിൽ പുറത്തേക്കിറങ്ങിയ അരുണിനെ അരമണിക്കൂറുകഴിഞ്ഞിട്ടും കാണാത്തതിനാൽ നേരം പുലരുംവരെ മാതാപിതാക്കൾ മാറി മാറി വിളിച്ചു. ബെല്ലടിച്ച് അവസാനിച്ചതല്ലാതെ ഒരു വിളിയ്ക്കുപോലും അരുൺ പ്രതികരിച്ചില്ല.നേരം പുലര്‍ന്നിട്ടും മകനെ കുറിച്ച് വിവരം ഇല്ലാതെ വിഷമിച്ച മാതാപിതാക്കള്‍ക്ക് അപ്പോഴാണ് കാഞ്ഞിരംപാറയിൽ അരുൺ പെയിന്റിംഗ് കരാറെടുത്തിയിരുന്ന വീട്ടുടമ ശശിയുടെ ഫോൺ കോളെത്തുന്നത്.അരുണ്‍ മരിച്ചു എന്നായിരുന്നു ആ ഫോണ്‍ സന്ദേശം . വിവരമറിഞ്ഞ് എത്തിയ അരുണിന്റെ ഉറ്റവര്‍ കാണുന്നത്   പെൺകുട്ടിയുടെ  വീടിന്റെ മൂന്നാം നിലയിലെ ഗോവണിയുടെ കൈവരിയിൽ പ്ളാസ്റ്റിക് കയറിൽ തൂങ്ങിയാടുന്ന നിലയിൽ മകന്റെ ചേതനയറ്റ ശരീരമാണ്.

news-investigation-banner

രാത്രി  വന്നത് ആരുടെ ഫോണ്‍ ?

അന്ന് രാത്രി ആരുടെയോ ഫോണ്‍ വന്നപ്പോള്‍ ആണ് ഉറങ്ങാന്‍ കിടന്ന അരുണ്‍ ബൈക്കും ആയി പോയത് എന്ന് വീട്ടുകാര്‍ പറയുന്നു.പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചാകാം അരുൺ അവിടെ എത്തിയത്. എന്നാൽ അരുൺ വീട്ടിനുള്ളിൽ പ്രവേശിച്ചതെങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ട്. വീട്ടിനുളളിൽ പ്രവേശിക്കാതെ വീട്ടിനകത്ത് കൂടിയുള്ള സ്റ്റെയർകേയ്സിൽ കയറാൻ കഴിയില്ല. വീടിന്റെ ഒന്നാം നിലയുടെ ഷേഡുകളിലോ പരാപ്പറ്റിലോ സമീപത്തെ വൃക്ഷങ്ങൾ വഴി കയറാൻ കഴിയുമെങ്കിലും മുകൾ നിലകളിലേക്ക് പുറത്തുകൂടി പ്രവേശിക്കാൻ കഴിയില്ലെന്നാണ് ബഹുനില മന്ദിരങ്ങളിൽ പെയിന്റിംഗ് ജോലി ചെയ്ത് പരിചയമുള്ള പിതാവ് തങ്കയ്യന്റെ വെളിപ്പെടുത്തൽ.

ആത്മഹത്യചെയ്യാൻ തക്ക സാമ്പത്തിക ബാദ്ധ്യതയോ മറ്ര് പ്രശ്നങ്ങളോ ഒന്നും ഇല്ലാതിരിക്കെ അരുണിനെ പെൺകുട്ടിയുടെ വീട്ടുകാർ അപായപ്പെടുത്തിയതാകാമെന്നാണ് വീട്ടുകാരുടെ സംശയം. മുകൾ നിലയിൽ നിന്ന് തൊട്ടിൽ കെട്ടാനുപയോഗിക്കുന്ന പ്ളാസ്റ്റിക് കയർ കഴുത്തിൽ കുടുക്കി താഴേക്ക് ചാടിയതായി സംശയിച്ചാൽ പോലും രണ്ടാം നിലയുടെ കൈവരിയിൽ കൈതട്ടി നിൽക്കുന്ന നിലയിൽ കണ്ട മൃതദേഹത്തിന് പുറമേ പരിക്കുണ്ടാകാതിരുന്നതും മൂന്നാംനിലയിലെ കൈവരിയിൽ കയർ വരിഞ്ഞ് വലിച്ച അടയാളങ്ങൾ കണ്ടതും സംശയങ്ങൾക്ക് കാരണമാകുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിൽ ബന്ധുക്കളായ ചിലരുടെ സാന്നിദ്ധ്യവും ദുരൂഹതകൾ വർദ്ധിപ്പിക്കുന്നുവെന്ന് തങ്കയ്യൻ പരാതിയിൽ പറയുന്നു.

എന്തായാലും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു തന്റെ മകന്റെ കൊലയാളികളെ കണ്ടെത്തി ശിക്ഷിക്കണം എന്നാണ് അരുണിന്റെ കുടുംബത്തിന്റെ ആവശ്യം.അരുണ്‍ മരിച്ച വീട്ടിലുള്ളവരെയും അരുണ്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെയും കൂടുതല്‍ ചോദ്യം ചെയ്‌താല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരും എന്നും അരുണിന്റെ ബന്ധുക്കള്‍ പറയുന്നു.


 

 
Loading...