മുംബൈ: പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആസ്‌ക്മി ഡോട്ട്‌കോം അടച്ചുപൂട്ടി. ആസ്‌ക്മി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ ആസ്‌ക്മി ബസാർ, മേബെൽകാർട്ട് എന്നിവയും പ്രവർത്തനം നിർത്തി. ഇതോടെ ഒറ്റയടിക്ക് 4000 പേർക്ക് ജോലി നഷ്ടമായി. സീബിസ് റിപ്പോർട്ട് അനുസരിച്ച്, ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയുടെ ഇകൊമേഴ്‌സ് പ്ലാറ്റ് ഫോം ഇപ്പോളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പുതിയ ഓർഡറുകളൊന്നും സ്വീകരിക്കുന്നില്ല എന്നാണ്. കമ്പനിയിലെ പ്രമുഖ നിക്ഷേപകർ പിൻവലിഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആസ്‌ക് മീ പൂട്ടുന്നത്.

ആസ്‌ക്മിയിലെ ജീവനക്കാർക്ക് ജൂലായ് മാസത്തിലെ ശമ്പളം പോലും നൽകിയിട്ടില്ല. ആസ്‌ക്മി.ഡോട്ട്‌കോം (ക്ലാസിഫൈഡ്‌സ്), ആസ്‌ക്മിബസാർ (ഇകൊമേഴ്‌സ്), ആസ്‌ക്മിഗ്രോസറി, ആസ്‌ക്മിപേ, മേബെൽകാർട്ട് (ഓൺലൈൻ ഫർണിച്ചർ റീട്ടെയിൽ) എന്നിവയാണ് ആസ്‌ക്മി ഗ്രൂപ്പിന് കീഴിലുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയിൽ ഇനിയും ബാധ്യത കൂടാതിരിക്കാനുള്ള നടപടി കൈക്കൊള്ളാൻ ഗ്രൂപ്പിന്റെ സി.എഫ്.ഒ ആയ ആനന്ദ് സോൺഭദ്ര ഇമെയിലിലൂടെ മുതിർന്ന ജീവനക്കാരോട് നിർദേശിച്ചു. അടിയന്തരമായി ഓഫീസുകളും ഹബ്ബുകളും പൂട്ടാനും നിർദേശിച്ചിട്ടുണ്ട്.

കമ്പനിയിലെ പ്രധാന നിക്ഷേപകരായ മലേഷ്യൻ ഗ്രൂപ്പ് ആസ്‌ട്രോ എന്റർടൈന്റ്‌മെന്റ് നെറ്റ്‌വർക്ക് ലിമിറ്റഡും ആദ്യകാല ഉടമകളായ ഗെറ്റിറ്റും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് സ്ഥാപനം അടച്ചുപൂട്ടിയത്. സ്ഥാപനം ‘ലാഭകരമാക്കാൻ ഗെറ്റിറ്റിന് കഴിഞ്ഞില്ല, ഈ സാഹചര്യത്തിൽ ഇനി കമ്പനിക്കൊരു പുനരുജ്ജീവനമുണ്ടാകാൻ സാധ്യത കുറവാണെന്നും ആസ്‌ട്രോ ഗ്രൂപ്പ് അറിയിച്ചു.

2010 ലാണ് ഗെറ്റിറ്റ് ഇൻഫോമീഡിയയിൽ ആസ്‌ട്രോ നിക്ഷേപമിറക്കിയത്. പിന്നീട് പലതവണയായി ഇത് വർധിച്ച് അടച്ചുപൂട്ടാൻ തീരുമാനിക്കുമ്പോൾ അവർ 300 മില്യൺ യു.എസ് ഡോളറിന്റെ നിക്ഷേപമുണ്ട്. പരസ്യ സൈറ്റായി 2010ലാണ് ആസ്‌ക് മീ ഡോട്ട് കോം പ്രവർത്തനമാരംഭിച്ചത്. പിന്നീട് 2012ൽ ആസ്‌ക് മീ ബസാർ എന്ന പേരിൽ ഷോപ്പിംഗ് പോർട്ടൽ ആരംഭിച്ചു. 2013 ൽ ഗെറ്റ് ഇറ്റിനെ ആസ്‌ക് മീ ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ 70 നഗരങ്ങളിലായി 12,000 വ്യാപാരികൾ ആസ്‌ക് മിയുമായി സഹകരിച്ചിരുന്നു.

Loading...