12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ അറ്റ്‌ലസ് രാമചന്ദ്രനെ വീണ്ടും കാത്തിരിക്കുന്നത് തടവറ.മൂന്ന് വർഷത്തോളം തടവറയിൽ കഴിഞ്ഞ ശേഷമാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായിത്. അദ്ദേഹത്തിന്റെ ഭാര്യ നടത്തിയ പരിശ്രമങ്ങളാണ് അദ്ദേഹത്തിന് ഇപ്പോൾ പുറംലോകം കാണാൻ അവസരം ഒരുക്കിയത്. എങ്കിലും പുറത്തിറങ്ങിയ രാമചന്ദ്രൻ ജീവിക്കുന്നത ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഡിസംബറിന് മുമ്പ് മുഴുവൻ കടവും അടച്ചു തീർത്തില്ലെങ്കിൽ വീണ്ടും ജയിലിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്ന ദയനീയ അവസ്ഥയാണ് നിലവിലുള്ളത്.

ആയിരം കോടി രൂപയുടെ ബാങ്ക് വായ്‌പ്പാ തട്ടിപ്പിലാണ് അറ്റ്‌ലസ് രാമചന്ദ്രൻ അഴിക്കുള്ളിലായത്. തടവിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിനെതിരെ ബാങ്കുകളുടെ കൺസോർഷ്യം പിടിമുറുക്കിയിരിക്കയാണ്. പലിശയടക്കം 1300 കോടിയിൽപരം രൂപയാണ് അദ്ദേഹം തിരിച്ചടയ്ക്കാനുള്ളത്. ഇക്കാര്യത്തിൽ കാര്യമായ വീട്ടുവീഴ്‌ച്ചക്ക് ബാങ്കുകൾ തയ്യാറല്ല. അതുകൊണ്ട് ഇനി ആയിരം കോടിയെങ്കിലും അദ്ദേഹം കണ്ടെത്തേണ്ടി വരും. പുറത്തിറങ്ങുമ്പോൾ നൽകിയ വ്യവസ്ഥകൾ പ്രകാരം ഡിസംബറിന് മുമ്പ് പണം നൽകണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിന് എങ്ങനെ അദ്ദേഹം മാർഗ്ഗം കണ്ടെത്തും എന്നതാണ് പ്രധാന ചോദ്യം.
ഒമാനിലെ രണ്ട് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രികൾ എൻഎംസി ഹെൽത്ത് കെയർ ഉടമ ഡോ. ബി ആർ ഷെട്ടിക്ക് വിറ്റ അറ്റ്ലസ് രാമചന്ദ്രൻ ബാങ്ക് ഓഫ് ബറോഡയുടെ കടം വീട്ടിയെന്നും സൂചനയുണ്ടെങ്കിലും അതിനു സ്ഥിരീകരണം വന്നിട്ടില്ല. ആ തുക 200 കോടി രൂപ മാത്രമേ വരികയുള്ളൂവെന്നാണ് സൂചന. എന്നാൽ യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പരിമിതമായ തോതിൽ മാത്രം പ്രവർത്തിക്കുന്ന സ്വർണാഭരണശാലകളും മറ്റു വസ്തുവകകളും വിറ്റാൽ കടംമുഴുവൻ തീർക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. 52 ജുവല്ലറികൾ വിറ്റ് കടം തീർക്കാമെന്ന് കരുതിയാലും സ്വർണത്തിന്റെ കുറവു കൊണ്ട് അത് കടത്തിന്റെ ചെറിയൊരു അംഗം മാത്രമേ ആകുകയൂള്ളൂ.

അതേസമയം രാമചന്ദ്രന്റെ ഇന്ത്യയിലെ പ്രവർത്തിക്കുന്ന അറ്റ്ലസ് ജൂവലറി ഇന്ത്യാ ലിമിറ്റഡ് വളരെ ലാഭകരമായാണ് പ്രവർത്തിക്കുന്നത്. 70 രൂപയാണ് മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഈ സ്ഥാപനത്തിന്റെ ഓഹരി മൂല്യം. ഇതിനുപുറമേ തിരുവനന്തപുരം, എറണാകുളം, തൃശൂർ, ബംഗളുരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ അറ്റ്ലസ് രാമചന്ദ്രൻ വൻതോതിൽ നഗരഭൂമികൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവയുടെയെല്ലാം നടത്തിപ്പ് പ്രത്യേക കമ്പനികൾക്കായതിനാൽ അവ വിറ്റ് കടം വീട്ടാനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്.

Loading...