ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റിന്  യോഗി ആദിത്യനാഥ് നേതൃത്വം നല്‍കണമെന്ന് ആവശ്യം. രാമജന്മഭൂമി ന്യാസാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി എന്ന നിലയിലല്ല, പകരം ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപൂജാരി എന്ന നിലയില്‍ യോഗി ആദിത്യനാഥിനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത് നേതാക്കളായ ചംപത്‌റായി, ഓം പ്രകാശ് സിംഗാള്‍, രാംജന്മഭൂമി ന്യാസ് മഹന്ത് നൃത്യഗോപാല്‍ ദാസ്‌ എന്നിവരെയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മൂന്നുമാസത്തിനുള്ളില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം പ്രസ്താവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ത്വരിതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്റെയും കേന്ദ്ര നിയമ മന്ത്രാലയത്തിന്റെയും നിയമോപദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടുകയും ചെയ്തിട്ടുണ്ട്. 

ഏത് തരത്തിലായിരിക്കണം ട്രസ്റ്റ് രൂപവത്കരിക്കണമെന്നതിനെ കുറിച്ചാണ് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയമോപദേശം ആരാഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം നിര്‍മിക്കാന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ ട്രസ്റ്റ് രൂപവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണനയിലുള്ളത്. ഈ ട്രസ്റ്റിന്റെ രൂപരേഖ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രം അറ്റോര്‍ണി ജനറലിന് കൈമാറിയെന്നാണ് ലഭിക്കുന്ന വിവരം.

നിര്‍മോഹി അഖാഡയുടെ ഒരു പ്രതിനിധിയെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും  ട്രസ്റ്റില്‍ എത്ര അംഗങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങളില്‍ അറ്റോര്‍ണി ജനറലിന്റെയും നിയമ മന്ത്രാലയത്തിന്റെയും ഉപദേശങ്ങള്‍  ലഭിച്ചതിനു ശേഷം മാത്രമേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നാണ് സൂചന. 

Loading...