ഗര്‍ഭിണിയായ വിവരം ഭര്‍ത്താവില്‍ നിന്ന് മറച്ചുവച്ച യുവതി ആരുമറിയാതെ പ്രസവിച്ച കുഞ്ഞിനെ  വീട്ടുവളപ്പില്‍ കുഴിച്ചുമൂടി.  സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.തൃപ്പുണിത്തുറ ചൂരക്കാട് മേമന റോഡിലെ പൊതിപ്പറമ്ബില്‍ പ്രദീപിന്റെ ഭാര്യ സ്വപ്നയ്ക്കെതിരെയാണ് തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തത്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് സ്വപ്ന ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.കുഞ്ഞ് പിറന്നത് മറച്ചുവച്ച സ്വപ്ന കുഞ്ഞിനെ വീട്ടുവളപ്പില്‍ കുഴിച്ചുമൂടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

 തുടക്കത്തില്‍ ഗര്‍ഭവും പ്രസവവും സ്വപ്ന നിഷേധിച്ചെങ്കിലും പിന്നീട് ഡോക്ടറോടു എല്ലാം സമ്മതിച്ചു. പ്രസവം നടന്നതായും കുട്ടിയെ ക്ലോസറ്റില്‍ ഒഴുക്കിയെന്നുമാണ് സ്വപ്ന ഡോക്ടറോട് പറഞ്ഞത്. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയില്‍, ബാത്ത്റൂമിനു സമീപത്ത് കുഴിച്ചിട്ട നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഗര്‍ഭാവസ്ഥയില്‍ എട്ടുമാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ജനിച്ച്‌ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കുഴിച്ചുമൂടി. പ്രദീപ്-സ്വപ്ന ദമ്ബതികള്‍ക്ക് പത്തും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ കൂടിയുണ്ട്.

സ്വപ്ന ഗര്‍ഭിണിയായിരുന്നെന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ് പ്രദീപ് പറയുന്നത്. തൈറോയ്ഡും പ്രഷറും ഉള്ളതു കൊണ്ടാണ് ശരീരം തടിച്ചിരിക്കുന്നത് എന്നു പറഞ്ഞ സ്വപ്ന ഈ അസുഖങള്‍ക്ക് മരുന്ന് വാങ്ങിയിരുന്നതായും പറയപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ട് രക്തസ്രാവം വര്‍ധിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോകുന്ന സന്ദര്‍ഭത്തിലും സ്വപ്ന പ്രസവിച്ച വിവരം അറിഞ്ഞിരുന്നില്ല എന്നാണ് പ്രദീപ് പൊലീസിനോടു പറഞ്ഞത്. പ്രസവസമയത്ത് തലയ്ക്കേറ്റ ക്ഷതമാകാം മരണകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Loading...