ന്യൂഡല്‍ഹി:ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി ‘ബാഹുബലി-2’ ചിത്രത്തിലെ എഡിറ്റ് ചെയ്ത  വീഡിയോ ട്വീറ്റ് ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നായകന്‍ പ്രഭാസിന്റെ തലവെട്ടിമാറ്റി ട്രംപിന്റെ തലവെച്ച മോര്‍ഫ് ചെയ്ത വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ബാഹുബലിയില്‍ ശിവഗാമി ആയി അഭിനയിച്ച രമ്യ കൃഷ്ണന്റെ റോളിലാണ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപ് വീഡിയോയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോര്‍ഫ് ചെയ്ത വീഡിയോയിലുണ്ട്. മോദിയുടെ ഭാര്യ യശോദ ബെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയിലെ മികച്ച കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ്‌ ട്രംപ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.  

ട്രംപ് വാള്‍ പിടിച്ച് യുദ്ധം ചെയ്യുന്നതും രഥത്തിലും കുതിരപ്പറുത്തും  കയറുന്നതെല്ലാം വീഡിയോയില്‍ കാണാം. ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യക്കാരെ മുഴുവന്‍ കൈയിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രംപ്  ആയുഷ്മാന്‍ ഖുരാന നായകനാകുന്ന റൊമാന്റിക്-കോമഡി ചിത്രത്തെ അഭിനന്ദിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്ന ഖുരാനയുടെ ‘ശുഭ് മംഗല്‍ സ്യാദാ സാവ്ധാന്‍’ എന്ന ചിത്രത്തെയാണ് ട്രംപ് പുകഴ്ത്തിയത്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പീറ്റര്‍ താച്ചെലിന്റെ ട്വീറ്റ് പങ്കുവെച്ച ട്രംപ് മഹത്തായതെന്ന് ട്വിറ്ററില്‍ കുറിക്കുകയുംചെയ്തു.

Loading...