തിരുവനന്തപുരം : 2016 ൽ ഇന്ത്യയിലെ 2 പ്രമുഖ ബാങ്കുകളിൽ നിന്ന് 1000 കോടിയിലേറെ രൂപ കടത്താനുള്ള ശ്രമത്തിനു പിന്നിലും ഉത്തര കൊറിയൻ ഹാക്കർമാരെന്നു ദക്ഷിണ കൊറിയൻ സൈബർ സുരക്ഷാ കമ്പനിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയിലെ ആണവോർജ രംഗത്തെ ഉന്നതരിൽ നിന്നു രഹസ്യങ്ങൾ ചോർത്താൻ ഉത്തര കൊറിയൻ സംഘങ്ങൾ വൈറസ് അടങ്ങിയ ഇമെയിലുകൾ അയച്ചിരുന്നുവെന്നു കണ്ടെത്തിയ ഇഷ്യുമേക്കേഴ്സ് ലാബ് തന്നെയാണ് ഈ വിവരവും പുറത്തുവിട്ടത്.

ഉത്തര കൊറിയയുടെ പങ്ക് സംഭവത്തിനു പിന്നിലുണ്ടെന്ന് അന്നു മുതൽ അഭ്യൂഹമുണ്ടായിരുന്നു. 2011 മുതൽ ലോകത്തെ മുപ്പതിലേറെ ബാങ്കുകൾക്കു നേരെയാണ് പ്യോങ്യാങിലെ ഐപി വിലാസങ്ങളിൽ നിന്നു സൈബർ ആക്രമണമുണ്ടായത്.

2016 ഫെബ്രുവരിയിലും ജൂലൈയിലുമായാണ് ഇന്ത്യയിലെ 2 ബാങ്കുകൾക്കു നേരെ സൈബർ ആക്രമണമുണ്ടായത്. ജൂലൈയിൽ ആക്രമിക്കപ്പെട്ട ബാങ്കിൽ നിന്നു ന്യൂയോർക്കിലെ സിറ്റി ബാങ്കിലേക്ക് സ്വിഫ്റ്റ് ഇടപാടിലൂടെ 1,100 കോടി രൂപയാണു കടത്താൻ ശ്രമിച്ചത്. രാജ്യാന്തരതലത്തിൽ വൻ തുകകൾ കൈമാറാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനമാണിത്. എന്നാൽ നീക്കം യഥാസമയം കണ്ടെത്തിയതിനെത്തുടർന്നു പണം നഷ്ടമായില്ല.

2011 ജൂലൈയിലും ഡൽഹി കേന്ദ്രീകരിച്ചു സൈബർ ആക്രമണം നടന്നതായി ഇഷ്യുമേക്കേഴ്സ് ചൂണ്ടിക്കാട്ടുന്നു. യുഎൻ രക്ഷാസമിതിയുടെ കണക്കുപ്രകാരം സൈബർ ആക്രമണത്തിലൂടെ പ്യോങ്യാങിലെ ഹാക്കർമാർ ഏകദേശം 67 കോടി ഡോളറാണ് (4739 കോടി രൂപ) ഇതുവരെ തട്ടിയെടുത്തത്.

ഫെബ്രുവരിയിൽ ബംഗ്ലദേശ് സെൻട്രൽ ബാങ്കിൽ നിന്ന് 530 കോടി രൂപ കടത്തിയ രീതിയിലാണ് 2016 ജൂലൈയിൽ ഇന്ത്യയിലെ പ്രമുഖ ബാങ്കിൽനിന്നു പണം കടത്താൻ ശ്രമിച്ചത്. ബംഗ്ലദേശിലെ ആക്രമണത്തിനു പിന്നിലും ഉത്തര കൊറിയയാണെന്ന് ഇഷ്യുമേക്കേഴ്സ് വ്യക്തമാക്കി. യുഎസ് നടത്തിയ അന്വേഷണത്തിലും ഉത്തര കൊറിയൻ ബന്ധങ്ങൾ കണ്ടെത്തിയിരുന്നു. പുണെ കോസ്മോസ് സഹകരണ ബാങ്കിലെ ഹാക്കിങ്ങിനു പിന്നിൽ ഉത്തര കൊറിയയുടെ കരങ്ങളുണ്ടെന്ന് യുഎൻ പാനൽ കണ്ടെത്തിയതു മാർച്ചിലാണ്.

ഇന്ത്യയിലെ ആണവ രംഗത്തെ പ്രമുഖരുടെ ഇമെയിൽ അക്കൗണ്ടുകളിലേക്ക് 2 വർഷമായി വൈറസുകൾ അയച്ചിരുന്നത് ആണവോർജ സ്ഥാപനങ്ങളിലെ ജീവനക്കാരെന്ന വ്യാജേന. അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ്, ഭാഭാ അറ്റോമിക് റിസർച് സെന്റർ ജീവനക്കാരുടേതെന്നു തോന്നിപ്പിക്കുന്ന മെയിൽ വിലാസങ്ങൾ സൃഷ്ടിച്ചാണു ഹാക്കിങ്ങ് ശ്രമം നടത്തിയത്.

Loading...