സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ബീന ആന്റണി.നടിയുടെ ചിത്രമുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. ആഭ കര്‍പാല്‍ എന്ന പേരിലാണ് നടിയുടെ ചിത്രം സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ മുഖാന്തിരം മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നും പരസ്യത്തില്‍ വിവരിക്കുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്‌സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്‌സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ താനുമായി പ്രസ്തുത ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് ബീനാ ആന്റണി ഇപ്പോള്‍. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കി.

Loading...