നോർത്തേൺ അയർലൻഡിലെ കൂക്സ്ടൗണിൽ ഡിസ്കോ ഹോട്ടലിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു മരണം. പതിനേഴ് വയസ്സുള്ള പെൺകുട്ടിയും പതിനാറും പതിനേഴും വീതം പ്രായമുള്ള രണ്ട് ആൺകുട്ടികളുമാണു മരിച്ചത്. നിരവധി പേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പൊലീസും രക്ഷാപ്രവർത്തകരും നിലയുറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി സെന്റ് പാട്രിക്സ് ദിനത്തോട് അനുബന്ധിച്ച് ഗ്രീൻവേൽ ഹോട്ടലിൽ നടത്തിയ പാർട്ടിയിലേക്ക് ആളുകൾ ഇരച്ചുകയറിയതാണ് അപകട കാരണമെന്നാണ് അയർലൻഡ് പൊലീസ് നൽകുന്ന വിവരം.

‘ഹോട്ടലിന്റെ മുൻവാതിലിലൂടെ പരിധിയിൽ കൂടുതൽ ആളുകൾ കയറിയതായാണു പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഈ തിരക്കിൽ നിരവധി ആളുകൾ നിലത്തുവീണു. ഒരാൾ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.’– നോർത്തേൺ അയർലൻഡ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ മാർക്ക് ഹാമിൽട്ടൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്. ആളുകൾ പെട്ടെന്നു മുൻപിലേക്കു തള്ളികയറാനുണ്ടായ സാഹചര്യവും അന്വേഷിക്കുന്നുണ്ട്.

പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും പൊലീസ് ചോദ്യം ചെയ്യുമെന്ന് മാർക്ക് ഹാമിൽട്ടൻ പറഞ്ഞു. ഹോട്ടലിൽ നടന്ന സംഭവങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും പാർട്ടിയുടെ ചിത്രങ്ങളും വിഡിയോകളും കൈവശമുള്ളവർ പൊലീസിനെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും നിർദേശമുണ്ട്.

Loading...