ഞാന്‍ ഒരിക്കല്‍പ്പോലും പ്രതീക്ഷിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചത്. വീഡിയോ എഡിറ്ററായ ബിബീഷിനെയും ഭാര്യയെയും വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. ഞാന്‍ പത്തുവര്‍ഷമായി ഈ നാട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്. സ്വന്തം നാട്ടുകാരെയാണ് അവര്‍ കബളിപ്പിച്ചിരിക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു ചതി ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇങ്ങനെ ചെയ്താല്‍ ഞങ്ങള്‍ ആരെ വിശ്വസിക്കും?”. വടകരയില്‍ വൈക്കിലശ്ശേരിയിലെ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററായ ബിബീഷ് തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവം ഉള്‍ക്കൊള്ളാനാകാതെ പ്രതികരിക്കുകയാണ് ഈ വീട്ടമ്മ. ഇവര്‍ക്ക് പറയാനുള്ളത്:

അവന്റെ നാട് എവിടെയാണെന്ന് അറിയില്ല. സദയം സ്റ്റുഡിയോയുടെ ഉടമസ്ഥനായ സതീഷിനെയും എനിക്ക് വ്യക്തിപരമായി അറിയാം. ഈ സ്റ്റുഡിയോയില്‍ എഡിറ്ററായി കൊണ്ടുവന്നവര്‍ തന്നെയാണ് ബിബീഷിനെ വാടക വീട്ടില്‍ താമസിപ്പിച്ചതെന്ന് അറിയാം. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ അവന്‍ വിവാഹം കഴിച്ചതായാണ് കേട്ടറിവ്. വീട്ടുകാര്‍ തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ മാറിത്താമസിച്ചതാണെന്ന് പറയപ്പെടുന്നു.

എന്റെ നാട്ടില്‍ വാട്‌സ് ആപ്പ് എന്താണെന്നോ ഫെയ്‌സ്ബുക്ക് എന്താണെന്നോ അറിയാത്ത നിരവധി ആളുകളുണ്ട്. വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ എന്റെ പേരില്‍ ഉണ്ടാക്കിയാണ്  അവന്‍ ചാറ്റ് ചെയ്തത്. ആ വ്യക്തി ഞാനാണെന്ന് തെറ്റിദ്ധരിച്ചാണ് ബിബീഷിന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. പിന്നീട് സന്ദേശങ്ങളുടെ മട്ടും ഭാവവും മാറിയപ്പോള്‍ അവര്‍ ബ്ലോക്ക് ചെയ്തു.  ഒന്നും രണ്ടും സ്ത്രീകളോടല്ല….ഇതുപോലെയുള്ള നിരവധി വ്യാജ ഫെയ്‌സ്ബുക്ക്  അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് അവന്‍ എല്ലാവരെയും പറ്റിച്ചുകൊണ്ടിരുന്നത്.

ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്താണെന്നു പോലും അറിയാത്തവര്‍ എന്റെ നാട്ടിലുണ്ട്. ദയവ് ചെയ്ത് നിങ്ങള്‍ക്കു വരുന്ന ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ കണ്ണുമടച്ച് സ്വീകരിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. വേണ്ടതിനും വേണ്ടാത്തതിനും ഫെയ്‌സ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

  • ചെറിയ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വരെ ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ കണ്ടെത്തിയിട്ടും ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് സ്വമേധയാ കേസ് എടുക്കുന്നില്ലെന്ന് ചോദിക്കുകയാണ് മറ്റൊരു വീട്ടമ്മ.

‘ഒരു ക്ലബിന്റെ വാര്‍ഷികത്തിന് മെയ്ക്ക് അപ്പമാനും ഡാന്‍സ് മാസ്റ്ററുമായി ബിബീഷ് ഞങ്ങളുടെ നാട്ടില്‍ വന്നിരുന്നു. ഏതോ സ്ത്രീയെ കയറിപ്പിടിച്ചെന്ന് പറഞ്ഞ് കമ്മിറ്റിക്കാര്‍ അയാളെ ഒഴിവാക്കിയിരുന്നു. ബിബീഷ് പൊതുവേ ആരോടും അധികം സംസാരിക്കാത്ത വ്യക്തിയാണ്. വൈക്കിലശ്ശേരി പരദേവത ക്ഷേത്രത്തിലെ ഉത്സവത്തിന് മെയ്ക്ക് അപ്പ്മാനായിരുന്നു ഇയാള്‍. അന്ന് ഇയാളുടെ ക്യാമറയില്‍ പതിഞ്ഞ കുട്ടികളുടെ ഫോട്ടോകളും ഇയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടാകും.

ഈ കാര്യം അറിഞ്ഞപ്പോള്‍ കുടുംബശ്രീയിലെ അംഗങ്ങളുടെ ഒരു യോഗം വൈക്കിലശ്ശേരി സ്‌ക്കൂളില്‍ ചേര്‍ന്നു. മാര്‍ച്ച് 23ാം തിയതിയാണ് ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പരാതി കൊടുപ്പിച്ചത്. പിന്നീട് സ്ത്രീകളെല്ലാവരും മലോല്‍മുക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. ചെറിയ കുട്ടികളുടെ ചിത്രങ്ങള്‍ വരെയുണ്ട്. ബാലാവകാശ കമ്മീഷന്‍ ഇതുവരെ കേസെടുത്തിട്ടില്ല.

എന്റെ മകള്‍ക്കൊന്നും പതിനെട്ട് വയസ്സായില്ല. അവളുടെ ചിത്രങ്ങളൊക്കെ അവന്റെ കൈയിലുണ്ട്. അതൊക്കെ അവന്‍ ദുരുപയോഗപ്പെടുത്തിയില്ലെന്ന് നമ്മള്‍ എങ്ങനെ ചിന്തിക്കും? ഈ സംഭവം ഒതുക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. പത്തോ പന്ത്രണ്ടോ വര്‍ഷം കഴിഞ്ഞാല്‍ കല്യാണം കഴിച്ചുപോകേണ്ടവരാണ് ഈ പെണ്‍കുട്ടികള്‍. ഇവരുടെ ഭര്‍ത്താവിന്റെ കൈകളില്‍ വീഡിയേ കിട്ടിയാല്‍ ആ പെണ്‍കുട്ടിയുടെ ജീവിതം അതോടുകൂടി തകര്‍ന്നില്ലേ? ഇവന്‍ സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ്. നാലര മാസം മുന്‍പേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. നടപടി എടുത്തില്ല. അതിനുശേഷം മറ്റൊരാള്‍ വീണ്ടും പരാതി കൊടുത്തു. പക്ഷേ അയാള്‍ പിന്നീട് പരാതി പിന്‍വലിച്ചു.  രണ്ടുദിവസം കൊണ്ട് പ്രതികള്‍ ഇവിടെ ഉണ്ടായിട്ടും പോലീസ് അവര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പ്രശ്‌നങ്ങളില്‍ വളരെ പെട്ടെന്ന് അന്വേഷണം ഉണ്ടാകണ്ടേ?

മാര്‍ച്ച് 23ാം തിയതി ഞങ്ങള്‍ പരാതി കൊടുക്കാന്‍ പോകുമ്പോളും പ്രതികള്‍ കടയുടെ മുന്നിലിരിക്കുന്നുണ്ട്. പോലീസ് വന്ന് അന്വേഷിക്കാന്‍ പോലും തയ്യാറായിട്ടില്ല. ഈ പ്രതികള്‍ പാസ്‌പോര്‍ട്ട് ഉള്ള വ്യക്തികളാണ്. എങ്ങോട്ടെങ്കിലും കടന്നുകളഞ്ഞോ എന്നുപോലും ആര്‍ക്കും അറിയില്ല.

ഓര്‍ക്കാട്ടേരിയില്‍ അംജാദ് എന്നൊരു വ്യക്തിയുണ്ടായിരുന്നു. സൈബര്‍ ലോകത്ത് വളരെ സമര്‍ഥമായി കാര്യങ്ങള്‍ ചെയ്തയാളാണ് അവന്‍. അയാളെപ്പോലും മൂന്ന്് ദിവസങ്ങള്‍ക്കുള്ളില്‍ പോലീസിന് പിടികൂടാന്‍ കഴിഞ്ഞെങ്കില്‍ ഈ സംഭവത്തില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? ഇതിനൊരു അന്ത്യമുണ്ടാകുന്നതുവരെ ഞങ്ങള്‍ പൊരുതും.

  • തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും മോശം സ്ത്രീയാണെന്ന അപവാദം കേള്‍ക്കേണ്ടി വരികയും ചെയ്ത മറ്റൊരു വീട്ടമ്മയുടെ പ്രതികരണം,

എന്റെ ഏറ്റവും അടുത്ത കൂട്ടുകാര്‍ രാവിലെ എന്നെ വിളിച്ചു വരുത്തി എന്നെപ്പറ്റി വളരെ മോശമായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞു. ഫോട്ടോ സഹിതമാണ് പ്രചാരണം. എനിക്ക് കാര്യം കേട്ടപ്പോള്‍ ആദ്യം ചിരിയാണ് വന്നത്. കാരണം എന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിത്തന്നത് കൂട്ടുകാരാണ്. ഞാന്‍ ആരെങ്കിലുമായി ചാറ്റ് ചെയ്യുന്നുണ്ടോയെന്ന് അവര്‍ പരിശോധിച്ചു. ഇല്ലെന്ന് മനസിലാക്കിയപ്പോളാണ് എന്നോട് ഈ കാര്യത്തെപ്പറ്റി അവര്‍ സംസാരിച്ചത്. ഇത് വ്യാജമാണെന്ന് മനസിലാക്കിയാണ് പിന്നീട് പോലീസില്‍ പരാതി നല്‍കുന്നത്. എന്റെ ഭര്‍ത്താവും കൂട്ടുകാരനും ചേര്‍ന്നാണ് കേസ് കൊടുത്തത്.

ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിട്ട് ഒന്നും സംഭവിക്കാത്ത പോലെ കാര്യങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ എനിക്ക് വളരെ സങ്കടം തോന്നി. നാട്ടുകാരനാണോ നാട്ടുകാരിയാണോ ഇതിനു പിന്നിലെന്ന് മനസിലാക്കാനും കഴിയുന്നില്ല. ഞാന്‍ ജീവിക്കുന്നുണ്ടെന്ന് മാത്രമേയുണ്ടായിരുന്നുള്ളു. എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എനിക്ക് പ്രധാനമായിരുന്നു. ദൈവം അതിനായി ഒരു വഴി കണ്ടെത്തി.

ഈ സംഭവം കഴിഞ്ഞ് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ സ്റ്റുഡിയോ ഉടമ ബിബീഷുമായി വഴക്കിട്ടു പിരിഞ്ഞു. അപ്പോള്‍ അയാള്‍ എന്റെ ഭര്‍ത്താവിനെ തേടി വന്നു. ബിബീഷിനെ തല്ലണമെന്നതായിരുന്നു അയാളുടെ ആവശ്യം. എന്തിനാണ് അവനെ അടിക്കുന്നതെന്ന് ചോദിച്ചപ്പോളാണ് എന്റെ മോശമായ ചിത്രം അവന്റെ ഹാര്‍ഡ് ഡിസ്‌കിലുണ്ടെന്ന കാര്യം പുറത്തുവന്നത്. പിന്നെ ആ ചിത്രങ്ങള്‍ കിട്ടാനുള്ള യുദ്ധമായി. അതെല്ലാം നശിപ്പിച്ചുകളഞ്ഞെന്ന് അവന്‍ കള്ളം പറഞ്ഞു.

ഡിസ്‌ക് തരികയില്ലെന്ന് പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവ് പോലീസില്‍ കേസ് കൊടുത്തു. അങ്ങനെ അവന്‍ ഡിസ്‌ക് തിരികെത്തന്നു. അത് കാണരുതെന്നും പറഞ്ഞാണ് അവന്‍ തന്നത്. എന്നാല്‍ അത് പരിശോധിച്ചപ്പോളാണ് ഞങ്ങളുടെ നാട്ടിലെ മുഴുവന്‍ സ്ത്രീകളെയും മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് മനസിലായത്. പൂര്‍ണനഗ്നരായാണ് കണ്ടത്.  എന്റെ  അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുന്നു, എനിക്കറിയാമെന്ന് കരുതിയ വ്യക്തിയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റാണ് ഞാന്‍ സ്വീകരിച്ചത്. പിന്നീട് അത് വ്യാജമാണെന്ന്  അറിഞ്ഞപ്പോള്‍ ഞാന്‍ ബ്ലോക്ക് ആക്കുകയും ചെയ്തു. അതുകൊണ്ടുള്ള വൈരാഗ്യമാണോ എന്നെ ഇങ്ങനെ മോശമായി ചിത്രീകരിച്ചതിന് പിന്നിലെന്ന് അറിയില്ല. പെണ്‍കുട്ടികള്‍ ഒരു കാരണവശാലും അപരിചിതരായ വ്യക്തികളുടെ മുഴുവന്‍ കാര്യങ്ങളും മനസിലാക്കാതെ അവരെ സുഹൃത്തുക്കളാക്കുകയും ചാറ്റ് ചെയ്യാന്‍ നില്‍ക്കുകയും ചെയ്യരുത്.

  • സ്വന്തം ചിത്രം മോര്‍ഫ് ചെയ്തിട്ടില്ലെന്ന് അറിഞ്ഞ പെണ്‍കുട്ടിയുടെ പ്രതികരണം

“പറഞ്ഞു കേട്ട അറിവ് വെച്ചാണ് ഞാന്‍ പരാതി കൊടുത്തത്. പരിശോധിച്ചപ്പോള്‍ എന്റെ ഫോട്ടോ മോര്‍ഫ് ചെയ്തിട്ടില്ല. പക്ഷേ ഞാന്‍ ഫെയ്‌സ് ബുക്കിലിട്ട മുഴുവന്‍ ചിത്രങ്ങളും എന്റെ പേരില്‍ ഫോള്‍ഡര്‍ ഉണ്ടാക്കി സെയ്‌വ് ചെയ്ത് വെച്ചിരിക്കുകയാണ്. അത് എന്തിനാണെന്ന് അറിയില്ല. മറ്റുള്ളവരെപ്പോലെ തന്നെ മോര്‍ഫ് ചെയ്യാനായിരിക്കുമോ ആവോ! ഇനി വേറെ വല്ല ആവശ്യത്തിനുമാണോ?

എന്റെ ചിത്രം മോര്‍ഫ് ചെയ്യപ്പെട്ടിട്ടില്ലെന്ന് അറിയുന്നതു വരെ മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ എനിക്കും ടെന്‍ഷനായിരുന്നു. പക്ഷേ ഇപ്പോള്‍ ചെറിയൊരു ആശ്വാസമുണ്ട്. ഫെയ്‌സ്ബുക്ക് ഓപ്പണ്‍ ചെയ്യാന്‍ തന്നെ എനിക്ക് പേടിയാണ്. ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും അതെല്ലാം എഡിറ്റ് ചെയ്ത് മാറ്റി സത്രീകളുടെ ഫോട്ടോ മാത്രം എടുക്കുകയാണ്.

മോര്‍ഫിങ്ങ് എന്താണെന്ന് പോലും അറിയാത്ത ആള്‍ക്കാര്‍ ഞങ്ങളുടെ നാട്ടിലുണ്ട്. ന്യൂജനറേഷന്‍ കുട്ടികള്‍ക്കു മാത്രമേ ഇതിനെപ്പറ്റി കൂടുതലായി അറിയുകയുള്ളു. അതുകൊണ്ട് വളരെ കരുതലോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുക.

കടപ്പാട് -മാതൃഭൂമി

Loading...