ജനുവരി അഞ്ചിന് വൈകുന്നേരമായിരുന്നു മലയാളം ബിഗ് ബോസ് സീസണ്‍ രണ്ടിന് തുടക്കമായത്. ഇത്തവണ പതിനേഴൊളം മത്സരാര്‍ഥികളായിരുന്നു പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. ബിഗ് ബോസ് മുന്നേറുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചില സംശയങ്ങള്‍ കൂടിയുണ്ട്. കഴിഞ്ഞ തവണയും പലരും ചോദിച്ചിരുന്നതാണ് ബിഗ് ബോസ് സ്‌ക്രീപ്റ്റ് എഴുതി കഥകള്‍ ഉണ്ടാക്കുന്നതാണോ എന്ന്. ഇക്കാര്യത്തില്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിയിരിക്കുകയാണ് ബിഗ് ബോസിന്റെ സംവിധായകന്‍ ഹാഫിസ് ഷംസുദീന്‍.

ഒരുപാട് മാസങ്ങളോളമുള്ള അദ്ധ്വാനത്തിന്റെ ഭാഗമായിട്ടാണ് ബിഗ് ബോസ് വന്നത്. വീട് അലങ്കരിക്കാനും മറ്റ് കാര്യങ്ങള്‍ ഒരുക്കാനും സമയമെടുത്തു. അതുപോലെ തന്നെ കാസ്റ്റിങിന് ഒരുപാട് കാലതാമസമെടുത്തു. കുറേ താരങ്ങളെ ഓഡീഷന്‍ നടത്തി. അതില്‍ നിന്നും അതിശയിപ്പിക്കുന്നതെന്ന് തോന്നിയ ചിലരെയാണ് വീട്ടിലേക്ക് കൊണ്ട് പോയി ഇട്ടിരിക്കുന്നത്. അവര്‍ അങ്ങന രസിപ്പിക്കുന്നവരായിരിക്കുമെന്നാണ് കരുതുന്നത്.

സെലിബ്രിറ്റി ബേസ്ഡ് ആണ് ബിഗ് ബോസ്. ഓഡിഷന്‍ കാസ്റ്റിങിന് വേണ്ടി ഇന്റര്‍വ്യൂ നടത്തിയിരുന്നു. സാബു മോന്‍, ഷിയാസ് എന്നിവരെ തിരഞ്ഞെടുത്തതായിരുന്നു ഏറ്റവും മനോഹരമായി തോന്നിയത്. കന്നഡയിലും തമിഴിലുമെല്ലാം അങ്ങനെയൊക്കെയാണ്. മുംബൈയില്‍ നിന്നുള്ള വര്‍ഷ എന്ന് പറഞ്ഞ ആളും സംഘവുമാണ് വീട് റെഡിയാക്കിയിരിക്കുന്നത്.

300 മുതല്‍ 350 പേരൊളം ബിഗ് ബോസിന് പിന്നണിയിലുണ്ട്. രാത്രിയും പകലുമെല്ലാം മാറി മാറി ഇവര്‍ ജോലി ചെയ്യുന്നു. നൂറ് ദിവസം കഴിഞ്ഞാലേ ഇത് തീരു. മത്സരാര്‍ഥികള്‍ക്കിടയില്‍ എന്ത് സംഭവിക്കുന്നു അതുപോലെയാണ് ഞങ്ങളുടെ ലീവും മറ്റുള്ള കാര്യങ്ങളും തീരുമാനിക്കുന്നത്. 24 മണിക്കൂറില്‍ കാണിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ഒരു മണിക്കൂറില്‍ കാണിക്കുന്നത്. ഷൂട്ട് ചെയ്യുന്നത് യഥാര്‍ഥ സംഭവങ്ങളാണ്. അതിന് സ്റ്റോറി ഒന്നുമില്ല. ഒരു ഐഡിയ വെച്ച് പോവുന്നതാണ്. റീടേക്ക് ഇല്ലാത്ത ഷൂട്ടാണിത്. അവര്‍ ചെയ്യുന്നത് വെച്ച് പ്ലാന്‍ ചെയ്ത് പോവുകയാണ്.

ടാസ്‌കുകള്‍ ഒക്കെ പ്ലാന്‍ ചെയ്യാം. പക്ഷേ ആ ടാസ്‌കിനെ കുറിച്ച് അവര്‍ എങ്ങനെ പ്രതികരിക്കും, അവര്‍ ആ ടാസ്‌കിനെ പറ്റി എന്ത് പറയണമെന്ന് നമുക്ക് പറഞ്ഞ് കൊടുക്കാന്‍ പറ്റില്ല. ടാസ്‌ക് കൊടുക്കാന്‍ പല കാരണങ്ങളുണ്ട്. ഈ വീട്ടില്‍ ഇരിക്കുമ്പോള്‍ അവര്‍ക്ക് ചിന്തിക്കാന്‍ എന്തെങ്കിലും കൊടുക്കണ്ടേ. അതിന് വേണ്ടിയാണ് ടാസ്‌ക്.

ഈ ഷോ യുടെ ഏറ്റവും പ്രത്യേകത എന്താണെന്ന് വെച്ചാല്‍ പുറത്ത് നിന്ന് ഞാനോ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇവരുടെ അടുത്ത് വന്ന് ഇത് ചെയ്യണം, അല്ലെങ്കില്‍ ഇങ്ങനെയല്ല ചെയ്യേണ്ടത് എന്നൊന്നും പറഞ്ഞ് കൊടുക്കില്ല. ഒരുപാട് പരിപാടികള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ബിഗ് ബോസ് മാത്രമാണ് റിയാലിറ്റിയിലൂടെ ചെയ്യുന്നത്. ഇതെല്ലാം റിമോര്‍ട്ട് കണ്‍ട്രോള്‍ ക്യാമറകളാണ്. അതിനാല്‍ മനുഷ്യ സാന്നിധ്യം ഉണ്ടാവാറില്ല. കഴിഞ്ഞ തവണത്തേതിനെക്കാള്‍ ഒരുപാട് മെച്ചപ്പെട്ട് മുന്നോട്ട് പോകാനാണ് ഇത്തവണ ശ്രമിച്ചിരിക്കുന്നത്.

Loading...