മലപ്പുറം:  എടക്കരയില്‍ വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കി മറ്റുള്ളവര്‍ക്ക് കൈമാറിയ കേസിലെ മുഖ്യപ്രതി ബിന്‍സയുടേത് ആരെയും അമ്പരപ്പിക്കുന്ന ജീവിതശൈലി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഭര്‍ത്താവിനൊപ്പം എടക്കരയില്‍ താമസമാക്കിയ ബിന്‍സയുടെ ജീവിതം ആഡംബരം നിറഞ്ഞതും സംശയം ജനിപ്പിക്കുന്നതുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഗവ. ഉദ്യോഗസ്ഥനായ ആദ്യ ഭര്‍ത്താവിനൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയായ ബിന്‍സ ആദ്യം എടക്കരയിലെത്തുന്നത്. എന്നാല്‍ ആ ദാമ്പത്യത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല. യുവതിയുടെ രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം ഭര്‍ത്താവ് വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും ആ കുട്ടി നിലവില്‍ ഭര്‍ത്താവിന്റെ സംരക്ഷണയിലാണ്.

ഭര്‍ത്താവ് വേര്‍പിരിഞ്ഞതിന് പിന്നാലെ എടക്കര സ്വദേശിയായ മറ്റൊരു യുവാവുമായി ബിന്‍സ അടുപ്പത്തിലായി. സാമ്പത്തികമായി ഉയര്‍ന്നനിലയിലായിരുന്ന ഇയാളുടെ ലക്ഷക്കണക്കിന് രൂപയാണ് ബിന്‍സ ധൂര്‍ത്തടിച്ച് കളഞ്ഞത്. ഈ ബന്ധത്തില്‍ ഒരു കുഞ്ഞും ഉണ്ടായി. പങ്കാളിയുടെ കൈയിലെ പണമെല്ലാം ചോര്‍ന്നതോടെ ഇയാളെ കൈവിട്ടു.

തമ്പുരാന്‍കുന്നിലെ വീട് കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ബിന്‍സയുടെ അനാശാസ്യം. രാത്രിയും പകലുമായി പലരും ഇവിടേക്കെത്തി. സംശയം പ്രകടിപ്പിക്കുന്ന നാട്ടുകാര്‍ക്കെതിരേ കള്ളപ്പരാതി നല്‍കി. ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ഇവര്‍ ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിനായി വീടിന് മുന്നില്‍ സിസിടിവി പോലും സ്ഥാപിച്ചു. സിസിടിവിയില്‍ പെട്ടാല്‍ കേസില്‍പെടുമെന്ന് ഭയന്ന് ആ വീടിന് മുന്നിലൂടെ പോകാന്‍ നാട്ടുകാര്‍ക്കും പേടിയായി. പക്ഷേ ഇടപാടുകാര്‍ വീട്ടിലെത്തുമ്പോള്‍ ആ സിസിടിവികള്‍ കൃത്യമായി കണ്ണടച്ചു.

ആഡംബര ജീവിതത്തിനൊപ്പം ബിന്‍സ മദ്യവും കഞ്ചാവും അടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ പാചകം പോലും ഇല്ലായിരുന്നു. മിക്ക ദിവസങ്ങളിലും ഹോട്ടലുകളില്‍നിന്നായിരുന്നു ഭക്ഷണം. അങ്ങനെയിരിക്കാണ് പീഡനത്തിനിരയായ യുവതി ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്.

മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞാണ് യുവതിയെ വീട്ടില്‍ താമസിപ്പിച്ചത്. എന്നാല്‍ ജനുവരി 20 ന് ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തിയ ദിവസം മുതല്‍ ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. 

ഇടപാടുകാരായെത്തുന്നവർക്ക് ചൂഷണം ചെയ്യാൻ ബിന്‍സ യുവതിയെ വിട്ടു നൽകി. വീട്ടില്‍നിന്ന് പുറത്തിറങ്ങാനോ ബന്ധുക്കളുമായി ബന്ധപ്പെടാനോ യുവതിയെ അനുവദിച്ചിരുന്നില്ല. ഇതിനിടെ യുവതിയെ എറണാകുളത്തേക്ക് കൊണ്ടുപോയും പീഡനത്തിനിരയാക്കി. ഇപ്പോള്‍ അറസ്റ്റിലായ ഷെമീറും മുഹമ്മദ് ഷാനും ഇവിടെവെച്ചും യുവതിയെ പീഡിപ്പിച്ചു. കുഞ്ഞിന്റെ ചികിത്സയ്ക്കായി എറണാകുളത്തേക്കും കോട്ടക്കലിലേക്കും എല്ലാം പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ യുവതിയെയും കൂടെ കൊണ്ടുപോകുന്നുവെന്നുമായിരുന്നു ബിന്‍സ പീഡനത്തിനിരയായ യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ഫെബ്രുവരി പകുതിയോടെയാണ് യുവതി ബിന്‍സയുടെ വീട്ടില്‍നിന്നും രക്ഷപ്പെടുന്നത്. സഹോദരന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിവരാമെന്ന് തന്ത്രപൂര്‍വം ബിന്‍സയോട് പറഞ്ഞു. അന്നുതന്നെ മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ യുവതിയെ ബിന്‍സ പോകാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ യുവതി പീഡനത്തിനിരയായ വിവരം ബന്ധുക്കളോട് പറഞ്ഞു. ഫെബ്രുവരി 17ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ തന്നെ എടക്കര പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. 

ബിന്‍സയ്ക്ക് പുറമേ കാക്കപ്പരത എരഞ്ഞിക്കല്‍ ഷെമീര്‍(21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി. കുഞ്ഞ് കൂടെയുള്ളതിനാല്‍ ബിന്‍സയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 

സി.ഐ. മനോജ് പറയറ്റ, എസ്.ഐ.മാരായ വി. അമീറലി, കെ.ഹരിദാസ്, എ.എസ്.ഐ.മാരായ അഹമ്മദ്, സതീഷ്‌കുമാര്‍, സി.പി.ഒ.മാരായ ബിന്ദു, സുനിത, അരുണ്‍, സാജന്‍ എന്നിവര്‍ ചേര്‍ന്നാണ് കേസിലെ പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു. 

Loading...