75 വാഗ്ദാനങ്ങളുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറങ്ങി. രാജ്യം 75-ാം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയിലായതിനാലാണ് 75 വാഗ്ദാനമെന്ന ആശയം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പത്രിക പ്രകാശനം ചെയ്തത്.

പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ്‌നാഥ് സിങാണ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും. തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലൂടെ ബിജെപി നല്‍കുന്നത്.

മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞ് കൊണ്ടാണ് അമിത് ഷാ സംസാരിച്ചത്. ആറ് കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമാണ് പ്രകടന പത്രിക ഇറക്കിയതെന്ന് അമിത് ഷാ പറഞ്ഞു.

അവസാന അഞ്ചുവര്‍ഷം ഇന്ത്യയുടെ വികസനത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് നിന്ന് മോചിപ്പിച്ചു. സുതാര്യമായ ഒരു സര്‍ക്കാരിന്റെ ഉത്തമ ഉദാഹരണമാണ് മോദി സര്‍ക്കാര്‍. അഞ്ചു വര്‍ഷത്തിനിടെ 50 സുപ്രധാന തീരുമാനങ്ങളെടുത്തു.. വികസന ഇന്ത്യക്ക് 2014 ഓടെ ബിജെപി അടിത്തറയിട്ടു. 11-ാം സ്ഥാനത്ത് നിന്ന് അഞ്ചാം സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നു. രാജ്യസുരക്ഷ ഉറപ്പ് നല്‍കിയെന്നും പ്രകടനപത്രിക പുറത്തിറങ്ങുന്നതിന് മുമ്പായി അമിത് ഷാ പറഞ്ഞു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത രാമക്ഷേത്ര നിര്‍മാണമെന്ന വാഗ്ദാനം ആവര്‍ത്തിക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ വഴികളും തേടും. കഠിനായി ശ്രമം നടത്തും. ഉടന്‍ തന്നെ അതിന്റെ നിര്‍മാണം തുടങ്ങാന്‍ സാധിക്കുമെന്നും രാജ്‌നാഥ് സിങ്‌.
അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കും.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും
പൗരത്വ ഭേദഗതി ബില്‍ പാസാക്കും
കൃത്യമായ തിരിച്ചടവ് എന്ന ഉപാധിയോടെ കര്‍ഷകര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ ലഭ്യമാക്കും

Loading...