രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ച പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക ചുവയുള്ള അധിക്ഷേപ പരാമർശവുമായി ബിജെപി എംപി. മാധ്യമങ്ങളോടു സംസാരിക്കവെയാണ് എംപി ഹരീഷ് ദ്വിവേദി ഇത്തരം പരാമർശം നടത്തിയത്. ‘രാഹുൽ പരാജയപ്പെട്ടു. പ്രിയങ്കയും അതുപോലെ പരാജയപ്പെടും. ഡൽഹിയിൽ ജീൻസും ടീ–ഷർട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുമ്പോൾ സാരിയും സിന്ദൂരവും അണിയും’ എന്നതായിരുന്നു ദ്വിവേദിയുടെ പരാമർശം.

അതേസമയം, പരാമർശത്തിനെതിരെ കോൺഗ്രസിന്റെ മഹിളാ വിഭാഗം ബികെസി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായാണു പ്രിയങ്ക നിയമിതയായത്.

രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നുവെന്ന വാർത്ത വന്നപ്പോൾത്തന്നെ പ്രിയങ്കയുടെ സ്റ്റൈലിനെയും രാഷ്ട്രീയ പ്രവർത്തന പരിചയമില്ലായ്മയെയും കുടുംബാധിപത്യത്തെയും ഭർത്താവ് റോബർട്ട് വാധ്‌രയെയും ഉൾപ്പെടുത്തിയുള്ള അധിക്ഷേപ പരാമർശങ്ങൾ പല ഭാഗങ്ങളിൽനിന്നായി ഉയർന്നിരുന്നു. വ്യക്തിജീവിതം വച്ചാണ് പലപ്പോഴും അധിക്ഷേപിച്ചിരുന്നത്.

പ്രിയങ്ക സുന്ദരിയാണെങ്കിലും രാഷ്ട്രീയത്തിൽ നേട്ടവും കഴിവും ഇല്ലെന്നുമായിരുന്നു ബിഹാർ മന്ത്രി വിനോദ് നാരായൺ ഝായുടെ നിലപാട്. പ്രിയങ്കയ്ക്ക് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോടുള്ള സാദൃശ്യമാണ് ബിഹാർ ഉപമുഖ്യമന്ത്രിയായ സുഷീൽ കുമാർ മോദിക്കു പ്രശ്നം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തരായ നേതാക്കളില്ലാത്തതിനാൽ കോൺഗ്രസ് ചോക്‌ലേറ്റ് നേതാക്കളെയാണ് ഇറക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് കൈലാഷ് വിജയ്‌വർഗിയയുടെ പ്രതികരണം. ‘ഒരു കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു, ഭോപ്പാലിൽനിന്ന് കരീന കപൂറിനെ മൽസരിപ്പിക്കണമെന്ന്. വേറൊരാൾ ഇൻഡോറിൽനിന്ന് സൽമാൻ ഖാനെ മൽസരിപ്പിക്കണമെന്നു പറയുന്നു. അതുപോലെ പ്രിയങ്കയെയും സജീവ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു’ – വിജയ്‌വർഗിയ കൂട്ടിച്ചേർത്തു.

നേരത്തെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയെ താരപ്രചാരകയാക്കി കോൺഗ്രസ് കൊണ്ടുവന്നപ്പോൾ ബിജെപി എംപി വിനയ് കട്യാറും അധിക്ഷേപകരമായ പരാമർശം പ്രിയങ്കയ്ക്കെതിരെ ഉന്നയിച്ചിരുന്നു. ‘താരപ്രചാരകരാക്കാൻ പ്രിയങ്കയെക്കാൾ സുന്ദരികളായ പെൺകുട്ടികളുണ്ട്. സുന്ദരികളായ നായികമാരുണ്ട് കലാകാരികളുണ്ട്’ – കട്യാർ അന്നു പറഞ്ഞു.

Loading...