ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നു ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറെന്ന ആരോപണവുമായി കേസിലെ പ്രതിയും യുവമോര്‍ച്ച നേതാവുമായ ശിഖര്‍ അഗര്‍വാള്‍. അജ്ഞാത കേന്ദ്രത്തില്‍ വച്ച് ഷൂട്ട് ചെയ്ത് പുറത്തുവിട്ട വീഡിയോയിലാണ് സുബോധ് കുമാറിനെതിരെ ആരോപണങ്ങള്‍ പ്രതി ഉന്നയിക്കുന്നത്.

സുബോധ് കുമാര്‍ സിങ് അഴിമതിക്കാരനായിരുന്നു. ബുലന്ദ്ഷഹറില്‍ സംഘര്‍ഷം നടക്കുമ്പോള്‍ അവിടെ എത്തിയ സുബോധ് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശിഖര്‍ അഗര്‍വാള്‍ വീഡിയോയില്‍ പറയുന്നു.

ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് ആക്രമം നടത്തിയ സംഭവത്തില്‍ ശിഖര്‍ അഗര്‍വാളടക്കം 26 ഓളം പേര്‍ പ്രതികളാണ്. ഒളിവിലുള്ള മുഖ്യപ്രതിയായ യോഗേഷ് രാജും കഴിഞ്ഞ ദിവസം സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടിരുന്നു.

ശിഖര്‍ അഗര്‍വാളും തനിക്ക് അക്രമത്തില്‍ ബന്ധമില്ലെന്നാണ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ പോലീസ് സ്റ്റേഷന്റെ ഉള്ളിലായിരുന്നു പ്രതിഷേധക്കാര്‍ കൊണ്ടുവന്ന പശുക്കളുടെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്ന് മാറ്റി അടക്കം ചെയ്തില്ലെങ്കില്‍ വെടിവെക്കുമെന്ന് സുബോധ് കുമാര്‍ പറഞ്ഞതായും ശിഖര്‍ ആരോപിച്ചു.

പ്രദേശത്തെ എല്ലാവര്‍ക്കും അറിയാം സുബോധ് കുമാര്‍ അഴിമതിക്കാരനാണെന്ന്. ഹിന്ദു മതവികാരങ്ങളെ ദ്രോഹിക്കുന്നതിന് അദ്ദേഹം മുസ്ലിങ്ങള്‍ക്കൊപ്പം ചേര്‍ന്നു. പശുക്കളുടെ അവശിഷ്ടങ്ങള്‍ വയലില്‍ തന്നെ സംസ്‌കരിക്കുകയോ ജനങ്ങളുടെ മുന്നില്‍ നിന്ന് എടുത്ത് മാറ്റുകയോ ചെയ്തില്ലെങ്കില്‍ തന്നെ വെടിവെക്കുമെന്ന് സുബോധ് കുമാര്‍ പറഞ്ഞതായും ശിഖര്‍ വീഡിയോയില്‍ പറയുന്നു.

കേസിലെ പ്രധാന പ്രതികളായ യോഗേഷും ശിഖറും സംഘര്‍ഷ സമയത്ത് തങ്ങള്‍ പോലീസ് സ്റ്റേഷനിലുള്ളിലാണെന്ന വാദവുമായിട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ സംഘര്‍ഷ സ്ഥലത്ത് ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇവരാണ് പശുക്കളുടെ അവശിഷ്ടങ്ങള്‍ വയലില്‍ കണ്ടെത്തിയതായി പോലീസില്‍ പരാതി നല്‍കിയത്. പ്രദേശവാസികളാണ് തങ്ങളെ അറിയിച്ചതെന്ന് പറയുന്ന ഇരുവരും ആരാണ് വിളിച്ചതെന്ന കാര്യം പറയുന്നില്ല.

Loading...