ദുബായ്: പാചക വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് കരാമയിലെ മലയാളി റസ്റ്റോറന്റ് കത്തിനശിച്ചു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. കോഴിക്കോട് സ്വദേശി മുഹമ്മദ് ബിഷിന്റെ ഉടമസ്ഥതയിലുള്ള ഉസ്താദ് ഹോട്ടലാണ് പൂർണമായും നശിച്ചത്. തൊട്ടടുത്തെ ചില വ്യാപാര സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ കെട്ടിട പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും അവശിഷ്ടങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു.

രാവിലെ ഏഴോടെയായിരുന്നു അപകടം. റസ്റ്ററൻറിന്റെ രണ്ട് നിലകളും പൂർണമായും നശിച്ചു. ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം തൊട്ടടുത്ത കെട്ടിടങ്ങളിലുള്ളവരെ വിറപ്പിച്ചു. തൊട്ടടുത്തെ പെട്രോൾ സ്റ്റേഷൻ, മറ്റൊരു റസ്റ്ററൻറ്, മറ്റു ചില കെട്ടിടങ്ങൾ എന്നിവയുടെ കണ്ണാടിച്ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തിയ പൊലീസും സിവിൽഡിഫൻസും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. തൊട്ടടുത്തെ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...