Subscribe to MalayalamNewspress:

സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്തു സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുന്നു. രാഹു കേതുക്കളാല്‍ ചന്ദ്രന്‍ ഗ്രസിക്കപ്പെട്ടാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്നാണ് പുരാണത്തിൽ പറയുന്നത് .

ഇതിനു പിന്നിലൊരു ഐതിഹ്യമുണ്ട്. പാലാഴിമഥനത്തിനു ശേഷം ദേവന്മാർക്കു രഹസ്യമായി അമൃത് വിളമ്പുവാൻ തുടങ്ങിയ സമയം സിംഹികേയൻ എന്ന അസുരൻ വേഷപ്രച്ഛന്നനായി അവർക്കിടയിൽ ഇരുന്നു . ദ്വാരപാലകന്മാരായ സൂര്യചന്ദ്രന്മാർ അസുരനെ കണ്ടെത്തി മഹാവിഷ്ണുവിനെ വിവരം ധരിപ്പിച്ചു. ഉടൻ തന്നെ ഭഗവാന്റെ സുദർശന ചക്രം അസുരന്റെ തലയറുത്തുവെങ്കിലും അല്പം അമൃത് ഭക്ഷിച്ചിരുന്നതിനാൽ ശരീരം രണ്ടായി വേർപെട്ടിട്ടും മരിച്ചില്ല. പിന്നീട് ശിരോഭാഗം രാഹുവെന്നും ഉടൽഭാഗം കേതുവെന്നും അറിയപ്പെട്ടു.

Loading...

തന്റെ ഭാഗ്യം ഇല്ലാതാക്കിയ സൂര്യചന്ദ്രന്മാരെ അവസരം കിട്ടുമ്പോഴെല്ലാം വിഴുങ്ങാൻ രാഹുകേതുക്കൾ ശ്രമിക്കും . എന്നാൽ മുറിഞ്ഞ കഴുത്തിലൂടെ സൂര്യചന്ദ്രന്മാർ രക്ഷപ്പെടുകയും ചെയ്യും. ഇതാണു ഗ്രഹണത്തെക്കുറിച്ചുള്ള രസകരമായ കഥ.

പുരാണത്തിൽ കഥയായി ഇങ്ങനെ അവതരിപ്പിച്ചെങ്കിലും രാഹു, കേതു എന്നിങ്ങനെയുള്ള രണ്ടു ബിന്ദുക്കളിലൂടെ സൂര്യചന്ദ്രന്മാർ കടന്നുപോകുമ്പോൾ ഉണ്ടാകുന്നതാണു ഗ്രഹണം എന്ന് പുരാതന ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നു.

2018 ജനുവരി 31 ബുധനാഴ്ച രാഹുഗ്രസ്ത ചന്ദ്രഗ്രഹണമാണ് സംഭവിക്കുന്നത്. ശാസ്ത്ര പ്രകാരം 152 വർഷങ്ങൾക്കു നടക്കുന്ന സൂപ്പര്‍മൂൺ -ബ്ലൂമൂണ്‍-ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസമാണ് ജനുവരി 31 നു സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 05.18ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 08.43 PM ന് സമ്പൂര്‍ണമാകും.

പൗർണമി ദിനത്തിലാണ് ചന്ദ്രഗ്രഹണം ഉണ്ടാകുക. 3 മണിക്കൂര്‍ 26 മിനിറ്റാണ് കേരളത്തിലെ ഗ്രഹണ ദൈര്‍ഘ്യം. ഗ്രഹണം മുതല്‍ മൂന്നു നാള്‍ യാതൊരു ശുഭ കര്‍മങ്ങളും പാടില്ലെന്നാണു വിശ്വാസം.

ആയില്യവും നക്ഷത്രത്തിലാണ് ഗ്രഹണം നടക്കുന്നത്. അതിനാൽ ആയില്യം നക്ഷത്രക്കാരും അനുജന്മ നക്ഷത്രങ്ങളായ തൃക്കേട്ട , രേവതി നക്ഷത്രക്കാരും ദൈവികമായ സൽക്കർമങ്ങൾ ചെയ്യണം. പുണര്‍തം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. മകം, പൂരം, ഉത്രം നാളുകാർ സാമ്പത്തികബുദ്ധിമുട്ടുകൾ വരാതെ നോക്കണം. മൂലം, പൂരാടം, ഉത്രാടം നാളുകാർ യാത്രകളിൽ കൂടുതൽ ശ്രദ്ധിക്കണം.

അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാർ കാര്യങ്ങളിൽ ഇടപെടുമ്പോൾ ജാഗ്രത വേണം. കര്‍ക്കടകം, ചിങ്ങം, ധനു, കുംഭം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്കും ചന്ദ്രദശാപഹാരമുള്ളവർക്കും പൗർണമി ദിനത്തിൽ ജനിച്ചവർക്കും ഗ്രഹണം പ്രതികൂലമാണ്. ഗ്രഹനിലയില്‍ ചന്ദ്രന്‍ അനുകൂലരായവര്‍ക്കും നക്ഷത്ര ദശാപഹാരം അനുകൂലമായവര്‍ക്കും ദോഷഫലങ്ങൾ ഉണ്ടാവില്ല.

ഗ്രഹണം ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ചന്ദ്രന്റെ ദേവതയായ ദുര്‍ഗാ ഭഗവതിയെ പ്രാർഥിക്കുന്നതു നല്ലതാണ്. ദേവീ സ്തുതികളും കീര്‍ത്തനങ്ങളും മന്ത്രങ്ങളും ഭക്തിപൂർവ്വം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ജപിക്കുക. ലളിതാസഹസ്രനാമം ചൊല്ലുന്നതും നന്ന്. സർപ്പപ്രീതികരമായ വഴിപാടുകൾ നടത്തുന്നത് രാഹുദോഷം കുറയ്ക്കും. ഗ്രഹണ സമയം ക്ഷേത്രങ്ങള്‍ അടയ്ക്കുന്നതിനാല്‍ അന്നു രാവിലെ ദുര്‍ഗാ, നാഗരാജ ക്ഷേത്ര ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കണം.

പൗർണമി വ്രതം അനുഷ്ഠിക്കുന്നതും വെള്ള വസ്ത്രം ധരിക്കുന്നതും ചന്ദ്രസ്‌തോത്രം ജപിക്കുന്നതും ഉത്തമം . ദോഷമുള്ള നക്ഷത്രക്കാർ ദേവീക്ഷേത്രത്തിൽ രക്തപുഷ്പാഞ്ജലി , പായസം, നെയ്‌വിളക്ക്, സർപ്പത്തിന് നൂറും പാലും എന്നിവ നടത്തുക . ഓം ഹ്രീം ദും ദുര്‍ഗായൈ നമഃ എന്ന്‌ നൂറ്റിയെട്ടു പ്രാവശ്യം ചൊല്ലുക. ഗ്രഹണസമയത്ത് വീട്ടിലെത്താൻ സാധിക്കാത്തവരും,യാത്രയിലായിരിക്കുന്നവരും ഭക്തിയോടെ പഞ്ചാക്ഷരി മന്ത്രം (ഓം നമഃശിവായ ) ജപിക്കാവുന്നതാണ്

Subscribe to MalayalamNewspress:

 

 
Loading...